ടെൽ അവീവ്: ഇറാൻ്റെ ആക്രമണം അവഗണിക്കാനാവില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും ഇസ്രായേൽ. എന്നാൽ ഇസ്രായേൽ സാഹസത്തിന് മുതിര്‍ന്നാല്‍ വലിയ വില നൽകേണ്ടി വരുമെന്ന് ടെഹ്‌റാനും തിരിച്ചടിച്ചു.
ആക്രമണത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ടെഹ്‌റാനെ അനുവദിക്കില്ലെന്ന് ഇസ്രയേൽ വാർ കാബിനറ്റ് വ്യക്തമാക്കി. ഇസ്രായേൽ വ്യോമസേന ഇറാനെതിരായ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നും യുഎസ് നിർമ്മിത എഫ്-16, എഫ്-15, എഫ്-35 യുദ്ധവിമാനങ്ങളുടെ വ്യൂഹം കരുത്ത് പകരുമെന്നും വാർ കാബിനറ്റ് വ്യക്തമാക്കിയതായി ഇസ്രയേൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, ഇസ്രയേൽ അക്രമണം നടത്തുകയാണെങ്കിൽ ഉടനടി ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ നേരിടാൻ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഉപയോഗിക്കാൻ ഇറാൻ തയ്യാറാകുമെന്ന് ഇറാൻ ദേശീയ സുരക്ഷാ വിദേശനയ സമിതിയുടെ വക്താവ് പറഞ്ഞു.
ഇറാനെതിരായ പ്രത്യാക്രമണത്തിൽ യുഎസ് പങ്കെടുക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ സംയമനം പാലിക്കണമെന്ന് ഇസ്രയേലിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.
ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തോട് പ്രതികരിക്കുകയല്ലാതെ ഇസ്രായേലിന് മറ്റു മാർഗമില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനിനെ അറിയിച്ചു. ഇറാന്റെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ചീഫ് ഹെർസി ഹലേവിയും വ്യക്തമാക്കി.
Read also: യുദ്ധവിമാനങ്ങൾ തയ്യാറാക്കി: ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ട് ഇസ്രായേൽ