കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന ഉത്തരവിനെതിരേ നടന്‍ ദിലീപ് നല്‍കിയ അപ്പീല്‍ തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
മെമ്മറി കാര്‍ഡിന്റെ ഹാഷ്‌വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഒരു മജിസ്‌ട്രേറ്റും കോടതിയിലെ ജീവനക്കരാനും ഈ മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്തിരുന്നുവെന്നായിരുന്നു വിവരം. തുടര്‍ന്ന് അന്വേഷണവുമായി ബന്ധപ്പെട്ട കണ്ടെത്തലുകളിലേക്ക് നയിച്ച മൊഴികളുടെ പകര്‍പ്പുകള്‍ ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത ജില്ലാജഡ്ജിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ജില്ലാ ജഡ്ജി അത് നിഷേധിക്കുകയായിരുന്നു. പിന്നാലെ മൊഴിപകര്‍പ്പുകള്‍ക്കായി അതിജീവിത ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപ് മൊഴിപകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന ആവശ്യവുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അതേസമയം, കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും മൊഴി പകര്‍പ്പ് അതിജീവിതക്ക് ലഭിക്കുന്നതിനെ എന്തിന് ദിലീപ് ഭയക്കണമെന്നും അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചിരുന്നു. ജില്ലാജഡ്ജിയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും അതിജീവിത കോടതിയില്‍ വാദിച്ചു. അന്വേഷണറിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് എന്തിനാണ് ദിലീപിനെന്ന് അതിജീവിത ചോദിച്ചു.
അതിജീവിത വ്യാജപ്രചരണം നടത്തുന്നുവെന്നായിരുന്നു ദിലീപിന്റെ വാദം. അതിജീവിത ജഡ്ജിമാരേയും കോടതിയിലെ ജീവനക്കാരേയും അഭിഭാഷകരേയും മോശക്കാരാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതിജീവിതയുടെ അഭിഭാഷക ടെലിവിഷന്‍ ചാനലുകളില്‍ വന്ന് തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിമര്‍ശനം ഉന്നയിച്ചു. അതിജീവിതയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ല. തീര്‍പ്പാക്കിയ ഹര്‍ജിയിലാണ് മൊഴിപ്പകര്‍പ്പ് നല്‍കാന്‍ അതിജീവിത ആവശ്യമുന്നയിച്ചിരിക്കുന്നത്. അതിനാല്‍ മൊഴിപകര്‍പ്പ് നല്‍കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അന്തിമമാക്കിയ ഹര്‍ജികളില്‍ പുതിയ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷകള്‍ നല്‍കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിട്ടുണ്ടെന്നും അപ്പീലില്‍ വാദിച്ചിരുന്നു.
Read also: യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു: നാലാം റാങ്ക് മലയാളിയായ പി. കെ. സിദ്ധാർത്ഥിന്