മണ്ണാര്‍ക്കാട് (പാലക്കാട്): പട്ടികജാതിയില്‍പ്പെട്ട വീട്ടമ്മയെ കയറിപ്പിടിച്ച് മാനഹാനി വരുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് എലുമ്പുലാശ്ശേരി ചേറോംപാടം വീട്ടില്‍ ഷെരീഫ് (44)നെയാണ് മണ്ണാര്‍ക്കാട് എസ്.സി.-എസ്.ടി. പ്രത്യേക കോടതി ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. 2022 ജൂലായിലാണ് സംഭവം.
പേഴുംപട്ട എന്ന സ്ഥലത്ത് റബര്‍തോട്ടത്തില്‍ ആടിനെ കെട്ടുവാനായി ചെന്നപ്പോഴാണ് വീട്ടമ്മയെ പ്രതി കയറിപ്പിടിച്ച് അപമാനിക്കാന്‍ ശ്രമിച്ചത്. ഇവരുടെ പരാതിയില്‍ അന്നത്തെ മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. ആയിരുന്ന വി.എ. കൃഷ്ണദാസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികോദ്ദേശത്തോടെ കയറിപ്പിടിക്കല്‍, പട്ടികജാതിക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് അപമാനിക്കാന്‍ ശ്രമിക്കല്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകളിലാണ് ശിക്ഷവിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍മതി എന്നതിനാല്‍ ആറുവര്‍ഷം കഠിനതടവിനും 90,000 രൂപ പിഴയും അടയ്ക്കാനുമാണ് ഉത്തരവിട്ടത്. പിഴതുകയില്‍ നിന്നും 20,000 രൂപ പരാതിക്കാരിയായ വീട്ടമ്മയ്ക്കു നല്‍കാനും ഉത്തരവായി.
പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി. ഡിവൈ.എസ്.പി. ഓഫീസിലെ ഗ്രേഡ് എ.എസ്.ഐ. ജ്യോതിലക്ഷ്മി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രിന്‍സ്‌മോന്‍ എന്നിവരും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.
Read also: കഴക്കൂട്ടത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച: 35 പവനോളം സ്വര്‍ണം നഷ്ടമായി