സിദ്ധാർത്ഥിന്റെ മരണത്തിന് ഉത്തരവാദികളായവരോട് ക്ഷമിക്കില്ലെന്ന് മാതാവ് ഷീബ ജയപ്രകാശ്. മകന്റെ മരണത്തിന് ശേഷം ഇതുവരെ താൻ മുടി കെട്ടിവെച്ചിട്ടില്ല. കേസിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്ന അന്ന് താൻ മുടി മുറിക്കും. അതിനായി കാത്തിരിക്കുകയാണ്. ഒരിക്കലും സിദ്ധാർത്ഥിന്റെ കൊലപാതകികൾക്ക് താൻ മാപ്പു നൽകില്ല. രാത്രിയൊന്നും തങ്ങൾക്ക് ഉറങ്ങാൻ കഴിയാറില്ല. രാത്രി ഇരുട്ടാകുമ്പോൾ സിദ്ധാർത്ഥിന്റെ ശബ്ദം കേൾക്കുന്നതായി തോന്നുമെന്നും ഷീബ പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷീബയുടെ പ്രതികരണം.
എല്ലാക്കാര്യങ്ങളിലും മകൻ വളരെ ആക്ടീവായിരുന്നു. എല്ലാവരെയും സഹായിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. അതിന് വേണ്ടിയാണ് അവൻ എന്നും ശ്രമിച്ചിരുന്നതെന്ന് ഷീബ ഓർമ്മിക്കുന്നു. മകന്റെ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശും പറഞ്ഞു.
മകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് മുഴുവൻ വായിക്കാൻ തനിക്ക് കഴിഞ്ഞില്ല. പകുതി വായിച്ച ശേഷം താഴേക്കിടുകയായിരുന്നു. മകൻ നേരിടേണ്ടി വന്ന ക്രൂരതകൾ വായിച്ച് നെഞ്ച് നീറി. മൂന്ന് ദിവസമായി അവൻ വെള്ളം പോലും കുടിച്ചിരുന്നില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. സിദ്ധാർത്ഥന്റെ ആന്തരികാവയവങ്ങളെല്ലാം തകർന്ന അവസ്ഥയിലായിരുന്നു. ആ അവസ്ഥയിലുള്ള ഒരാൾക്ക് ഒരിക്കലും എഴുന്നേറ്റ് നിൽക്കാൻ കൂടി കഴിയില്ല. പിന്നെ എങ്ങനെയാണ് അവൻ സ്വയം തൂങ്ങി മരിക്കുന്നതെന്ന് ജയപ്രകാശ് ചോദിക്കുന്നു.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവന് വലിയ ഇഷ്ടമായിരുന്നുവെന്ന് ഷീബ വ്യക്തമാക്കി. മാർച്ച് 18 വൈകുന്നേരം 5.30 ഓടെയാണ് സിദ്ധാർത്ഥ് മരിച്ചെന്ന് താൻ അറിഞ്ഞത്. ആക്‌സിഡിന്റായി വേറെ കുഴപ്പമൊന്നുമില്ലെന്നായിരുന്നു എന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടാണ് മരണ വിവരം അറിഞ്ഞത്. എന്റെ മകൻ മൂന്ന് ദിവസം വെള്ളം കുടിച്ചില്ല. അപ്പോഴൊക്കെ താൻ ഇവിടെ വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും ടിവി കാണുകയുമൊക്കെ ചെയ്തു. അപ്പോഴൊന്നും താൻ അറിഞ്ഞില്ല തന്റെ മകൻ മരണത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന്. മകന്റെ മരണ ദിവസം താൻ കരഞ്ഞിട്ടില്ല. സിദ്ധാർത്ഥിന് താൻ കരയുന്നത് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് മകനെ കരയാതെ യാത്രയാക്കി. അന്നു മുതൽ ഇന്നു വരെ തന്റെ കണ്ണീര് തോർന്നിട്ടില്ല. ഇപ്പോൾ തന്റെ കണ്ണിൽ നിന്നും ചോരയാണ് വരുന്നത്. കണ്ണീരെല്ലാം വറ്റി തീർന്നിരിക്കുന്നു. ഒരു അമ്മയുടെ കണ്ണുനീർ വീഴ്ത്താൻ വേണ്ടി ഇനി നിങ്ങളാരും സ്‌കൂളുകളിൽ പോകരുത്. ഒരു കുട്ടികളും അമ്മമാരുടെ കണ്ണീരിന്റെ ശാപം വാങ്ങരുത്. ഇപ്പോൾ തന്റെ മകന് ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ട്. തന്റെ മകനെ ഉപദ്രവിച്ചത് കണ്ട് നിന്ന ഓരോരുത്തരും തന്റെ മുന്നിൽ കുറ്റക്കാരാണ്. അവരാരെങ്കിലും ഒരുവാക്ക് പറഞ്ഞിരുന്നുവെങ്കിൽ തന്റെ മകൻ ഇന്നും ജീവിച്ചേനെയെന്നും ഷീബ പറഞ്ഞു.