റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. കാങ്കീർ ജില്ലയിൽ ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 29 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിഎസ്എഫും ഛത്തീസ്ഗഡ് പൊലീസും സംയുക്തമായാണ് മാവോയിസ്റ്റുകൾക്കെതിരെ ഏറ്റുമുട്ടൽ നടത്തിയത്.
ഛത്തീസ്ഗഡ് പൊലീസും സംയുക്തമായി വനമേഖലയിലേക്ക് കടന്നതിന് പിന്നാലെ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്. എ കെ സീരീസിലുള്ള തോക്കുകളും 3 ലൈറ്റ് മെഷീൻ ഗണ്ണുകളുമാണ് മാവോയിസ്റ്റുകളിൽ നിന്ന് പിടിച്ചെടുത്തത്. മേഖലയിൽ തെരച്ചിൽ തുടരുന്നതായും കൂടുതൽ മാവോയിസ്റ്റുകൾ വനമേഖലയിലുണ്ടെന്നും സുരക്ഷാ സേന വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ഏപ്രിൽ 19 ന് ഛത്തീസ്ഗഡിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 26 ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പും നടക്കും.
ഈ ജനുവരി മുതൽ ഇന്നുവരെ വിവിധ ഏറ്റുമുട്ടലുകളിലായി ബസ്തർ മേഖലയിൽ മാത്രം ആകെ 79 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷത്തിൽ ജനുവരി മുതൽ 17 സാധാരണക്കാരുടെയും ആറ് സുരക്ഷാ സേനാംഗങ്ങളുടെയും ജീവൻ നഷ്ടമായെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.