ന്യൂഡൽഹി: കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപി എംപി ഹേമ മാലിനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന്റെ പേരിലാണ് വിലക്ക്. 48 മണിക്കൂർ നേരത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
പൊതുപരിപാടികൾ, റാലികൾ, റോഡ് ഷോകൾ, മാധ്യമ ഇടപെടൽ എന്നിവയിൽ നിന്നെല്ലാം 48 മണിക്കൂറോളം മാറി നിൽക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന നിർദ്ദേശം. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതൽ 48 മണിക്കൂറോളമാണ് വിലക്ക് നൽകിയിരിക്കുന്നത്.
പരാതിയുമായി ബന്ധപ്പെട്ട് നേരത്തെ സുർജേവാലയ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സുർജേവാലയുടെ മറുപടി കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചത്. ഹേമ മാലിനിയുടെ വ്യക്തിത്വത്തിനും അന്തസ്സിനും കോട്ടം തട്ടുന്നതാണ് സുർജോവാലയുടെ പരാമർശമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.