കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും സിപിഎം നേതാവുമായ കെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ട മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറി അസ്ലമിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ശൈലജക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീർത്തികരവുമായ ആക്രമണത്തിനെതിരെ കെ കെ ശൈലജ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകിയിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് ശൈലജയും ഇടതുമുന്നണിയും ആരോപിച്ചിരുന്നത്.
സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്തെത്തിയിരുന്നു. ശൈലജ ടീച്ചർക്കെതിരായ ഹേറ്റ് ക്യാമ്പയിനും ലൈംഗികാധിഷേപങ്ങളും അത്യന്തം ഹീനവും അപഹാസ്യവും ലജ്ജാകരവുമാണെന്നായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. പരാജയ ഭീതിയിൽ നിന്നാണ് യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള ആക്ഷേപ പ്രചരണങ്ങൾ ഉണ്ടാകുന്നത്. വ്യാജന്മാരുടെ കേന്ദ്രങ്ങളിൽ നിന്ന് വ്യാജ ഐഡികളിലൂടെയും അല്ലാതെയും നടത്തുന്ന ഇത്തരത്തിലുള്ള പ്രചരണങ്ങളും വ്യക്തിഹത്യകളും യുഡിഎഫിന്റെ പരാജയത്തിന്റെ ആഴം കൂട്ടുകയേയുള്ളൂവെന്നും വീണാ ജോർജ് അഭിപ്രായപ്പെട്ടിരുന്നു.