പാലക്കാട്: സംസ്ഥാനത്തേക്ക് ആദ്യ ഡബിൾ ഡക്കർ തീവണ്ടി എത്തുന്നു. ഇതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. കോയമ്പത്തൂർ -കെഎസ്ആർ. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടമാണ് നടക്കുക. റെയിൽവേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾഡക്കർ എസി ചെയർകാർ തീവണ്ടിയാണിത്. കോയമ്പത്തൂരിൽ നിന്ന് പൊള്ളാച്ചിവഴിയാവും യാത്ര.
നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചിപാതയിൽ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരംകാണുക എന്ന ലക്ഷ്യത്തോട് കൂടിയാണ് റെയിൽവേയുടെ പുതിയ നീക്കം. പരീക്ഷണയോട്ടത്തിന് ഈ ദിവസം തിരഞ്ഞെടുത്തത് ബുധനാഴ്ചകളിൽ ഉദയ് എക്സ്പ്രസിന് സർവീസ് ഇല്ലാത്തതിനാലാണ്. ദക്ഷിണറെയിൽവേയുടെ സേലം, പാലക്കാട് ഡിവിഷനുകൾ ചേർന്നാണ് പരീക്ഷണയോട്ടം നടത്തുന്നത്.
പരീക്ഷണയോട്ടത്തിന്റെ ഭാഗമായി രാവിലെ എട്ടിന് കോയമ്പത്തൂരിൽനിന്ന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും ട്രെയിനെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും.
അതേസമയം, റെയിൽവേ ടിക്കറ്റെടുക്കാനുള്ള മൊബൈൽ ആപ്പായ യുടിഎസ് ഇന്ത്യൻ റെയിൽവേ വീണ്ടും പരിഷ്‌കരിച്ചു. പാസ്‌വേഡിന് പുറമേ ഒടിപി ഉപയോഗിച്ചും ലോഗിൻ ചെയ്യമെന്നതാണ് പുതിയ മാറ്റം. ആപ്പിലൂടെ എവിടെ നിന്നും ഏതു സ്റ്റേഷനിലേക്കും ജനറൽ ടിക്കറ്റ് എടുക്കാം. മൂന്നുമണിക്കൂറിനകം യാത്ര ചെയ്തിരിക്കണം. ഓർഡിനറി, മെയിൽ/എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ടിക്കറ്റ് ലഭിക്കും. സൂപ്പർ ഫാസ്റ്റിൽ കയറാൻ അധിക നിരക്ക് (സർചാർജ്-15 രൂപ) ആപ്പിലൂടെത്തന്നെ എടുക്കാം.