കൊച്ചി: കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ദുബായിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. മൂന്നു വിമാനങ്ങളാണ് സർവ്വീസ് നിർത്തിയെന്ന് അറിയിച്ചിരിക്കുന്നത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവ്വീസ് നടത്തുന്നില്ല.
കനത്ത മഴയെത്തുടർന്ന് ദുബായിലെ ടെർമിനലിൽ ചില തടസങ്ങൾ ഉണ്ടായിരുന്നു. ഇതാണ് ദുബായിലേക്കുള്ള വിമാന സർവീസുകളെ ബാധിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞുവെന്നാണ് വിവരം. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലേർട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലേർട്ടുകൾ പിൻവലിച്ചു. അജ്മാൻ, റാസൽ ഖൈമ, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ദുബായിലും യുഎഇയിലെ വിവിധ സ്ഥലങ്ങളിലും അനുഭവപ്പെട്ടത്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്തിരുന്നു. പലയിടത്തും ശക്തമായ കാറ്റ് വിശുകയും ചെയ്തു.
ശക്തമായ മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ അത്യാവശ്യകാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴ, വെള്ളപ്പൊക്കം, ഇടിമിന്നൽ എന്നിവയുൾപ്പെടെയുള്ള കഠിനമായ കാലാവസ്ഥ യുഎഇ നേരിടുകയാണെന്നും പൊതുജനങ്ങളും അധികൃതരും യോജിച്ച് നീങ്ങണമെന്നും ദേശീയ ദുരന്ത നിവാരണ വിഭാഗം പറഞ്ഞിരുന്നു. വ്യക്തികൾ വെള്ളപ്പൊക്ക ബാധിത മേഖലകൾ സന്ദർശിക്കുന്നത് ഒഴിവാക്കുകയും വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും വേണം. ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയാൻ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് താഴ്വരകൾക്കും അണക്കെട്ടുകൾക്കും സമീപമുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.