വീട്ടിലെ കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് വളരെ പ്രയാസകരമാണ് ഓരോ അമ്മമാർക്കും. എന്തെങ്കിലും കൊടുത്തു വയർ നിറപ്പിക്കുകയാണ് പലരും ചെയ്യുന്നത്.
ഇപ്പോൾ അവധിക്കാലമായതു കൊണ്ട് തന്നെ കളികളിലും മറ്റു ഏർപ്പെട്ടിരിക്കുന്നതിനാൽ ഭക്ഷണം കഴിക്കുവാൻ വലിയ താത്പര്യമുണ്ടകില്ല. എന്നാൽ ആവശ്യാനുസരണം ഭക്ഷണം ശരീരത്തിലേക്കെത്തിയില്ലെങ്കിൽ രോഗ പ്രതിരോധശേഷി കുറയുകയും നിരവധി അസുഖങ്ങൾ സംഭവിക്കുകയും ചെയ്യും. സമീകൃതാഹാരം വേണം കുട്ടികൾക്ക് നൽകുവാൻ
കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ചായയും, കാപ്പിയും
എല്ലാവർക്കും നൽകുന്ന ഭക്ഷണം തന്നെ കുട്ടിക്കും കൊടുക്കുക.രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കാപ്പിയോ കൊടുക്കുന്നതിന് പകരം അര ഗ്ലാസ് പാൽ കൊടുക്കാവുന്നതാണ്. 40 ശതമാനം കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാറില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികളിൽ രോഗപ്രതിരോധശക്തിയും കണക്കു കൂട്ടുന്നതിനും ഏകാഗ്രതയ്ക്കും ഉള്ള കഴിവു കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പ്രഭാത ഭക്ഷണം
പ്രഭാതഭക്ഷണം കുട്ടികളിലെ അമിതവണ്ണവും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കുന്നതിനു സഹായിക്കും. പ്രഭാതഭക്ഷണം ദോശയോ, ഇഡ്ഡലിയോ, പുട്ടോ, ഏത്തപ്പഴമോ എന്നിവ കൊടുക്കാം. അവയോടൊപ്പം കടലക്കറിയോ, മുട്ടയോ, സാമ്പാറോ കൊടുത്താൽ പോഷകസമൃദ്ധമായി.
സ്‌കൂളിലേക്കോ, ടൂഷ്യനിലേക്കോ അയക്കുമ്പോൾ
കുട്ടികളുടെ ഭക്ഷണത്തിൽ എപ്പോഴും വൈവിധ്യമുണ്ടാകണം. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പ്രഭാതഭക്ഷണം തന്നെ ഉച്ച ഭക്ഷണമായി കൊടുത്തു വിടരുത്. ദിവസവും ഒരു ഇലക്കറിയെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കണം. ദിവസവും ഒരു മുട്ട ഉൾപ്പെടുത്താം. പച്ചക്കറികൾ ആകർഷകമായി പാചകം ചെയ്യുന്നതും വിളമ്പുന്നതും കുട്ടികൾ ഇഷ്ടപെടും.
ഇടവേളകൾ
ഇടവേളകളിലും നാലുമണിക്കും അണ്ടിപരിപ്പോ ഈന്തപ്പഴമോ പഴങ്ങളോ നൽകാവുന്നതാണ്. നൂഡിൽസ് തനിയെ നൽകാതെ ധാരാളം പച്ചക്കറികളോ അല്ലെങ്കിൽ മുട്ടയും ചേർത്തുണ്ടാക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
കുട്ടികളുടെ ഭക്ഷണക്കാര്യത്തില്‍ വരുത്തുന്ന വീഴ്ചകള്‍
ആരോഗ്യകരമായ ഭക്ഷണത്തെപ്പറ്റിയും സമീകൃതാഹാരത്തെപ്പറ്റിയും മിക്ക അമ്മമാര്‍ക്കും ശരിയായ ധാരണയില്ല. അരി, പയര്‍, പാല്‍, മീന്‍, ഇറച്ചി ഇതെല്ലാം ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ സമീകൃതാഹാരമായി. കുട്ടികള്‍ക്ക് ഭക്ഷണക്കാര്യത്തില്‍ വൈവിധ്യമാണ് വേണ്ടത്. ഒന്നുതന്നെ സ്ഥിരമായി കൊടുത്തുകൊണ്ടിരുന്നാല്‍ അവര്‍ക്ക് മടുക്കും.
കുട്ടി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ പോയെന്ന് ചില അമ്മമാര്‍ പറയാറുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ആ ദിവസത്തിനുള്ള എനര്‍ജി മുഴുവന്‍ നഷ്ടപ്പെടും.
കുട്ടികളില്‍ പഠിക്കാനുള്ള ഊര്‍ജസ്വലതയും കഴിവും കുറയും എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നും ഒരേ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ടാവും കുട്ടിക്ക് രാവിലത്തെ ഭക്ഷണത്തോട് മടുപ്പ് ഉണ്ടാവുന്നത്. ബ്രേക്ഫാസ്റ്റില്‍ ലഭ്യമായ ഏറ്റവും നല്ല ഭക്ഷണം ഉള്‍പ്പെടുത്തുക എന്നതാണ് ഇതിനുള്ള പരിഹാരം.
ഓരോ പ്രായക്കാർക്കും
ഓരോ പ്രായക്കാര്‍ക്കിടയിലും ശ്രദ്ധിക്കേണ്ട ഡയറ്റുണ്ട്. ജനിച്ച് ആറുമാസംകൊണ്ട് സാധാരണ ആളിന്റെ ഭക്ഷണക്രമത്തിലേക്ക് കുട്ടികളെ കൊണ്ടുവരണം.
റാഗി പോലുള്ള കുറുക്കുകള്‍ ആ സമയത്ത് കൊടുക്കുക. അധികം നേര്‍പ്പിക്കാതെ വേണം കൊടുക്കാന്‍. എങ്കിലേ ചവച്ചരച്ച് കഴിക്കാന്‍ കുട്ടി പഠിക്കുകയുള്ളൂ. ഒരു വയസ്സായ കുട്ടിക്ക് എല്ലാ വൈറ്റമിനുകളും മിനറല്‍സും ആവശ്യമാണ്. നമ്മള്‍ സാധാരണ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും കൊടുത്താലെ അവര്‍ക്ക് ഇതൊക്കെ കിട്ടുകയുള്ളൂ.
മീനും മുട്ടയുമൊക്കെ രണ്ടുവയസ്സിനുശേഷം കൊടുത്താല്‍ മതി. മുട്ടയുടെ മഞ്ഞ മാത്രം കൊടുക്കാം. ഫ്രൂട്ട് ജ്യൂസ് കൊടുക്കുന്നതിനുപകരം ഓറഞ്ചുതന്നെ പതുക്കെപ്പതുക്കെ കൊടുത്തുനോക്കണം.
കുട്ടി ചവയ്ക്കാനും പഠിക്കും. അരിയും പയറും മിക്‌സ് ചെയ്ത് കൊടുത്താല്‍ അമിനോആസിഡ് കിട്ടും. അഞ്ചുവയസ്സാവുമ്പോഴേക്കും സാധാരണ ഒരാള്‍ കഴിക്കുന്ന എല്ലാ ഭക്ഷണവും കുട്ടിക്ക് പരിചയപ്പെടുത്തിക്കൊടുക്കണം. നേരത്തേ പരിചയപ്പെടുത്തിയാലേ അവര്‍ സാധാരണ ഭക്ഷണ രീതിയിലേക്ക് വരികയുള്ളൂ.
വിളമ്പുമ്പോൾ
കുട്ടികള്‍ക്ക് ഭക്ഷണം തയാറാക്കുമ്പോഴും വിളമ്പുമ്പോഴും നന്നായി ശ്രദ്ധിക്കണം. പച്ചക്കറികള്‍ ഒന്നുകില്‍ ഉപ്പുവെള്ളത്തില്‍ അല്ലെങ്കില്‍ മഞ്ഞള്‍ കലക്കിയ വെള്ളത്തില്‍ കുറച്ചുനേരം ഇട്ടുവെച്ച ശേഷം ഉപയോഗിക്കണം. ഉരുളക്കിഴങ്ങ് പോലുള്ളവ മുറിച്ചയുടന്‍ പാകം ചെയ്യണം. ഇല്ലെങ്കില്‍ അതിലുള്ള പോഷകങ്ങള്‍ നഷ്ടപ്പെടാം.
എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കാം. തോരന്‍ ഉണ്ടാക്കുമ്പോള്‍ എണ്ണയുടെ ആവശ്യം തീരെയില്ല. കുറച്ച് വെള്ളം ഒഴിച്ച് വേവിക്കുകയാണെങ്കില്‍ രുചിയില്‍ വ്യത്യാസം വരുമെന്നല്ലാതെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. എണ്ണ അധികമായി ചൂടാക്കുമ്പോള്‍ കാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന കാസിനോജനുകള്‍ പുറത്തുവരും.
അധികം മസാലകളും കറിപ്പൊടികളുമൊന്നും വേണ്ട. കഴിവതും മസാലപൊടികള്‍ വീട്ടില്‍ത്തന്നെ തയ്യാറാക്കണം. ഭക്ഷണം ഉണ്ടാക്കാനുപയോഗിക്കുന്ന വെള്ളം, പാത്രങ്ങള്‍ തുടങ്ങിയവയും ശ്രദ്ധിക്കണം. നോണ്‍സ്റ്റിക് പാത്രങ്ങളിലുള്ള ടെഫ്‌ലോണ്‍ കോട്ടിങ്ങ് കാന്‍സര്‍ വരുത്തുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.