യുഎഇ: കനത്ത മഴയെത്തുടർന്ന് ദുബായ് എയർപോർട്ടുകളിൽ നിന്ന് ബുധനാഴ്ച പുറപ്പെടുന്ന യാത്രക്കാരുടെ ചെക്ക് ഇൻ ദുബായിലെ എമിറേറ്റ്സ് എയർലൈൻ താൽക്കാലികമായി നിർത്തിവച്ചു. വിമാനത്താവളങ്ങളിൽ നിന്നും യാത്രക്കാർ പുറപ്പെടുന്ന സമയത്തിലും എത്തിച്ചേരുന്ന സമയത്തിലും താമസം ഉണ്ടാകുമെന്ന് എയർലൈൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
മോശം കാലാവസ്ഥയും റോഡുകളിലെ വെള്ളക്കെട്ടും കാരണം ഏപ്രിൽ 17 ന് രാവിലെ 8:00 മുതൽ അർദ്ധരാത്രി വരെ ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്കുള്ള ചെക്ക്-ഇൻ എമിറേറ്റ്‌സ് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് എയർലൈൻ വ്യക്തമാക്കി.
എത്തിഹാദ് എയർവേയ്‌സിന്റെ ഫ്ലൈറ്റുകൾ വൈകും
അബുദാബിയിൽ പെയ്ത കനത്ത മഴ മൂലം ചില ഫ്ലൈറ്റുകൾക്ക് താമസം നേരിടുമെന്ന് എത്തിഹാദ് എയർവെയ്‌സ് അറിയിച്ചു. യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് തങ്ങളുടെ ദൗത്യമെന്നും അതിനായി എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്നും എയർവേയ്‌സ് വ്യക്തമാക്കി. ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾ അറിയാനായി etihad.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫ്ലൈറ്റുകൾ റദ്ദാക്കി ഫ്ലൈ ദുബായ്
യുഎഇയിൽ ഉണ്ടായ കനത്ത മഴ ഫ്ലൈ ദുബായ് എയർലൈനിന്റെ പ്രവർത്തനങ്ങളെയും കാര്യമായി ബാധിച്ചു. ഫ്ലൈ ദുബായുടെ പല ഫ്ലൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. ചില ഫ്ലൈറ്റുകൾക്ക് താമസം നേരിടും. ഏപ്രിൽ 17 വരെ ഫ്ലൈറ്റുകൾ വൈകാനും റദ്ദാക്കാനുമുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഫ്ലൈ ദുബായ് വ്യക്തമാക്കി.
“സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമായി പുനഃസ്ഥാപിക്കുന്നതിനും സാധ്യമാകുമ്പോൾ എത്തിച്ചേരുന്ന ഫ്ലൈറ്റുകളെ ഉൾക്കൊള്ളുന്നതിനുമായി ഷെഡ്യൂൾ അപ്‌ഡേറ്റ് ചെയ്യുകയാണ്, ബുക്കിംഗ് റദ്ദാക്കിയ യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും”. ഫ്ലൈദുബായുടെ വക്താവ് അറിയിച്ചു. പ്രതികൂല കാലാവസ്ഥ മൂലമുണ്ടാകുന്ന അസൗകര്യങ്ങളിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ചയാണ് കനത്ത മഴയെത്തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രവർത്തനം 25 മിനിറ്റ് താൽക്കാലികമായി നിർത്തിവെച്ചത്. 40-ലധികം വിമാനങ്ങൾ റദ്ദാക്കി, സ്ഥിതി മെച്ചപ്പെടുന്നതുവരെ ഇൻബൗണ്ട് സർവീസുകൾ വഴിതിരിച്ചുവിട്ടു.
“തീവ്രമായ കൊടുങ്കാറ്റിനെത്തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു പക്ഷേ അതിനുശേഷം വീണ്ടും പുനരാരംഭിച്ചു, ഇപ്പോൾ വീണ്ടെടുക്കൽ മോഡിലാണെന്ന്” വിമാനത്താവളം പ്രസ്താവനയിലൂടെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ആകെ 21 ഔട്ട്‌ബൗണ്ടും 24 ഇൻബൗണ്ട് വിമാനങ്ങളുമാണ് റദ്ദാക്കിയത്, 3 ഫ്ലൈറ്റുകൾ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ മഴയാണ് യുഎഇയിൽ പെയ്തത്. 1949 ന് ശേഷമുള്ള ഏറ്റവും വലിയ മഴ. ഈ അഭൂതപൂർവമായ മഴ രാജ്യത്തുടനീളമുള്ള നിരവധി പ്രദേശങ്ങളെയാണ് ബാധിച്ചത്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ഈ ചരിത്ര സംഭവം സ്ഥിരീകരിക്കുകയും വരും മണിക്കൂറുകളിൽ മഴ ഇതിലും ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
Read also: യുഎഇയിൽ കനത്ത മഴ: റാസൽഖൈമയിൽ എമിറാത്തി പൗരനു ദാരുണാന്ത്യം