ദുബായ്: യുഎഇയിൽ ഇത്തവണ പെയ്തത് റെക്കോർഡ് മഴ. 75 വർഷത്തിനിടെയുള്ള ഏറ്റവും വലിയ മഴയ്ക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. അൽ ഐനിലെ ഖത്മ് അൽ ഷക്ല മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ച. മേഖലയിൽ 24 മണിക്കൂറിനുള്ളിൽ 254 മില്ലിമീറ്റർ മഴയാണ് അനുഭവപ്പെട്ടത്. 2016 മാർച്ച് 9 ന് ഷുവൈബ് സ്റ്റേഷനിൽ 287.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നുവെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴക്കെടുതിയെ തുടർന്ന് യുഎഇയിൽ കനത്ത നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റാസൽഖൈമ വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരണപ്പെടുകയും ചെയ്തു. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്. റോഡുകളിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. മെട്രോ സ്‌റ്റേഷനുകളുടെ പ്രവർത്തനവും തടസപ്പെട്ടു. പ്രധാന റോഡുകളും ടണലുകളും വെള്ളത്തിനടിയിലായി.
യുഎഇയിലെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്ക് ഇന്നും ഓൺലൈൻ ക്ലാസ് തുടരും. അബുദാബിയിൽ പാർക്കുകളും ബീച്ചുകളും താൽക്കാലികമായി അടച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ പാർക്കുകൾ തുറക്കില്ലെന്നും നഗരസഭ അറിയിച്ചു. പൊതുജന സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അജ്മാനിലെയും പാർക്കുകളും ബീച്ചുകളും അടച്ചു.
മഴയുടെയും കാറ്റിന്റെയും ശക്തി ഇന്നു വൈകുന്നേരത്തോടെ കുറയുമെങ്കിലും 6 വരെ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി അഭ്യർഥിച്ചു. അടിയന്തര ആവശ്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂവെന്നാണ് ജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.