വാഷിങ്ടൻ: ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാന് ഉപരോധമേർപ്പെടുത്താൻ ഒരുങ്ങി യുഎസും യൂറോപ്യൻ യൂണിയനും. ഇക്കാര്യം ചർച്ച ചെയ്തുവരികയാണെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസഫ് ബോറെൽ പറഞ്ഞു. വരും ദിവസങ്ങളിൽ നടപടിയുണ്ടാകുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലെനും വ്യക്തമാക്കി.
‘‘ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജി 7 ഉൾപ്പെടെയുള്ള സഖ്യകക്ഷികളും പങ്കാളികളുമായും യുഎസ് കോൺഗ്രസ് നേതാക്കളുമായും ജോ ബൈഡൻ ബന്ധപ്പെടുന്നുണ്ട്. മിസൈൽ, ഡ്രോൺ പ്രോഗ്രാമുകൾ ഉൾപ്പെടെ വരുംദിവസങ്ങളിൽ ഇറാനെ ലക്ഷ്യമിട്ട് യുഎസ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തും. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി), ഇറാൻ പ്രതിരോധ മന്ത്രാലയം എന്നിവയെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഉപരോധം തീർക്കും.’’നാഷണൽ സെക്യൂരിറ്റി അഡ്‌വൈസർ ജെയ്ക് സള്ളിവൻ പറഞ്ഞു.
സഖ്യകക്ഷികളും പങ്കാളികളും തങ്ങളുടേതായ ഉപരോധം ഏർപ്പെടുത്തുമെന്നാണ് യുഎസ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ മിസൈൽ പ്രോഗ്രാമുകൾക്ക് ഉപരോധമേർപ്പെടുത്തണമെന്ന് ഇസ്രയേലും സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഇസ്രയേലി സൈനിക മേധാവി ലെഫ്.ജനറൽ ഹെർസി ഹലേവി മുന്നറിയിപ്പ് നൽകി. ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസുലേറ്റിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേലിനെതിരെ ശനിയാഴ്ച ഇറാൻ ആക്രമണം നടത്തിയത്.