ഒറ്റ വാക്കിൽ ഭാര്യയ്ക്ക് ജന്മദിനാശംസ നേർന്ന് വിനീത്: ‘വിനീതേട്ടാ നിങ്ങളുടെ ലോങ്ങ് ക്യാപ്‌ഷൻ മിസ് ചെയ്യുന്നു’വെന്ന് ആരാധകർ

ഭാര്യ ദിവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്നു വിനീത് ശ്രീനിവാസൻ. ‘ഇന്ന് അവളുടെ ജന്മദിനം’ എന്ന ഒറ്റ വരിയിലാണ് വിനീത് ദിവ്യയ്ക്ക് ജന്മദിനാശംസകൾ നേർന്നത്. ദിവ്യയുടെ ഒരു ഫോട്ടോയ്ക്കൊപ്പം ഒറ്റ വരി ക്യാപ്ഷനിലൊതുങ്ങിയ പിറന്നാൾ ആശംസ കണ്ടതും ആരാധകർക്ക് കൗതുകമായി. ഭാര്യയെക്കുറിച്ച് ദീർഘമായി എഴുതാറുള്ള വിനീത്, പിറന്നാൾ ആശംസകൾ ഒറ്റവരിയിലാക്കിയത് ധ്യാൻ ശ്രീനിവാസന്റെ ട്രോൾ പേടിച്ചാണെന്നാണ് ആരാധകരുടെ രസകരമായ കണ്ടെത്തൽ.

ഭാര്യയെക്കുറിച്ച് വമ്പൻ പോസ്റ്റിടുന്ന വിനീതിനെ ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ പ്രമോഷനെത്തിയപ്പോൾ ധ്യാൻ ശ്രീനിവാസൻ കളിയാക്കിയിരുന്നു. ദിവ്യയെക്കുറിച്ചുള്ള വിനീതിന്റെ ഹൃദയസ്പർശിയായ എഴുത്ത് പല ഭർത്താക്കന്മാരെയും ‘സമ്മർദ്ദ’ത്തിലാക്കാറുണ്ടെന്നായിരുന്നു ധ്യാനിന്റെ കമന്റ്. ഇതു പരിഗണിച്ചാണോ ജന്മദിനാശംസ ഒറ്റവരിയിലൊതുക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. രസകരമായ കമന്റുകളാണ് വിനീതിന്റെ പോസ്റ്റിനു ലഭിക്കുന്നത്.

ധ്യാൻ ശ്രീനിവാസനെ ബ്ലോക്ക് ചെയ്ത്, മനസ്സിൽ വന്ന ക്യാപ്ഷൻ ഇട്ടൂടെയെന്നാണ് ഒരു ആരാധകന്റെ കമന്റ്. വിനീതിന്റെ ഒറ്റ വരി ക്യാപ്ഷൻ ധ്യാൻ ഇഫക്ട് ആണോയെന്ന് ചിലർ സംശയം ഉന്നയിച്ചു. വിനീതിന്റെ ദീർഘമായ കുറിപ്പുകൾ മിസ് ചെയ്തെന്നു പറയുന്നവരും കുറവല്ല. ‘എങ്ങനെ പോസ്റ്റ് എഴുതിയിരുന്ന മനുഷ്യനാ’ എന്നു വിനീതിനെക്കുറിച്ച് ആത്മഗതം നടത്തിയവരുമുണ്ട്.

വിനീത്, ധ്യാൻ, പ്രണവ്, നിവിൻ പോളി, ബേസിൽ ജോസഫ് എന്നിവർ ഒന്നിച്ച വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ ദിവ്യയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. വിനീതിനൊപ്പം ‘ജീവിതഗാഥകളേ പോരുക ഈ നിമിഷം’ എന്ന ഗാനമാണ് ദിവ്യ ആലപിച്ചത്. സിനിമയിൽ ആ പാട്ടിന്റെ ചിത്രീകരണത്തിൽ ദിവ്യ ഗായികയായി തന്നെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. വിനീതിന്റെ ഹൃദയം എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിന്നണിഗായികയാകുന്നത്. ഉണക്കമുന്തിരി എന്നു തുടങ്ങുന്ന ഗാനം വൈറലായിരുന്നു.

Read also: Bigg Boss Malayalam Season 6: ഇതാണടാ യഥാർത്ഥ ‘പവർ’ ടീം: അധികാരം കൃത്യമായി ഉപയോഗിച്ച് സിബിനും സംഘവും

Latest News