ഇന്ന് പാചകത്തിന് പലരും ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കാറുണ്ട്. അടുക്കള ഉപയോഗത്തിന് വളരെയേറെ സൗകര്യപ്രദമാണിത്. ഗ്യാസിനേക്കാൾ സുരക്ഷിതമാണെന്നതാണ് ഇൻഡക്ഷൻ കുക്കറിന്റെ ഏറ്റവും വലിയ പ്രത്യേകത.
പുകയില്ലാത്തതിനാൽ ശ്വാസകോശ പ്രശ്‌നങ്ങൾ ഉള്ളവർക്ക് പ്രശ്‌നം ഉണ്ടാക്കുന്നില്ലെന്നതും സവിശേഷതയാണ്. പാത്രം കയറ്റി വയ്ക്കുമ്പോൾ മാത്രമേ ഓൺ ആകൂ. മാത്രമല്ല, സമയം സെറ്റ് ചെയ്തു വയ്ക്കാനുള്ള ഓപ്ഷനുമുണ്ട്. അമിതമായി താപനില കൂടുമ്പോൾ ഓട്ടോമാറ്റിക് കട്ട്ഓഫ് ഫീച്ചർ പ്രവർത്തിച്ച് ഇത് ഓഫാകുന്നതിനാൽ ഭക്ഷണം കരിഞ്ഞുപോകാനുള്ള സാധ്യതയും കുറവാണ്.
ഗ്യാസിനേക്കാളും എളുപ്പത്തിൽ ഇൻഡക്ഷൻ കുക്കർ വൃത്തിയാക്കാൻ കഴിയും. കുറേ ഗുണങ്ങളൊക്കെയുണ്ടെങ്കിലും ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 1500-2000 വാട്‌സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിന്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് ഇൻഡക്ഷൻ കുക്കർ അനുയോജ്യമല്ല.
ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ വൈദ്യുത ബില്ല് കൂടാതിരിക്കാനും ചില ടിപ്‌സുകളുണ്ട്. കുക്കറിന്റെ പ്രതലത്തിൽ കാണിച്ചിരിക്കുന്ന വൃത്തത്തിേനക്കാൾ കുറഞ്ഞ അടി വട്ടമുള്ള പാത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. പാചകത്തിന് ആവശ്യമുള്ള അളവിൽ മാത്രം വെള്ളം ഉപയോഗിക്കുക. വെള്ളം തിളച്ചതിന് ശേഷം ഇൻഡക്ഷൻ കുക്കറിന്റെ പവർ കുറയ്ക്കാവുന്നതാണ്.
പാചകത്തിന് പാത്രം വച്ചതിനു ശേഷം മാത്രം ഇൻഡക്ഷൻ കുക്കർ ഓൺ ചെയ്യുക. അതുപോലെ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം പാത്രം മാറ്റുക..