എത്ര മിണ്ടാതിരുന്നിട്ടും കരിവന്നൂർ ബാധ സിപിഎമ്മിനെ പിന്തുടരുകയാണ്. ആയിരക്കണക്കിന് ആളുകളുടെ കോടികളുടെ നിക്ഷേപം തിരിച്ചു കിട്ടാനായി കാത്തിരിക്കുകയാണ്. കരുവന്നൂരിൽ ഒരു കുഴപ്പവുമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിൽ പറയുന്നത്.
കരുവന്നൂർ ഉൾപ്പെട്ട ഇരിങ്ങാലക്കുട മണ്ഡലത്തിലും പിന്നീട് തൃശൂരിലും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ കരുവന്നൂരിൽ എല്ലാം നന്നായി നടക്കുന്നുവെന്നും കേരളത്തിലെ സഹകരണ മേഖലയെ സംരക്ഷിക്കാൻ തങ്ങൾ ശ്രമിക്കുന്നു എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസി മൊയ്തീനെയും എം കെ കണ്ണനെയും ജില്ലാ സെക്രട്ടറി എ എം വർഗീസിനെയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിനെയും മണിക്കൂറുകളോളം ഇഡി യുടെ ഓഫീസിൽ ചോദ്യം ചെയ്തതിനെ കുറിച്ച് ഒരക്ഷരം പോലും പിണറായി വിജയൻ മിണ്ടിയതുമില്ല.
പാർട്ടിക്ക് വ്യാജ അക്കൗണ്ട് ഉണ്ടെന്നും അതിലൂടെ ലക്ഷങ്ങൾ കൊണ്ടുപോയെന്നും ഇ ഡി കോടതിയിൽ സത്യവാങ്മൂലം കൊടുത്തതിനെ കുറിച്ചും പ്രസംഗിച്ചില്ല. വളരെ ശ്രദ്ധയോടെയാണ് പിണറായിയുടെ വാർത്താസമ്മേളനവും നടന്നത്.
ഇഡി ഹാജരാക്കിയ തെളിവുകൾക്കെതിരെ ഒന്നും പിണറായി മിണ്ടുന്നില്ല. എം കെ കണ്ണനാണ് കുറച്ചെങ്കിലും ഇതിനെക്കുറിച്ച് പൊതുയോഗങ്ങളിൽ പ്രസംഗിക്കുന്നത്. കരിവന്നൂരിൽ എല്ലാം ശരിയായെന്നും പണം തിരിച്ചു കിട്ടുമെന്നും പറയുമ്പോൾ വെട്ടിൽ ആകുന്നത് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആർ ബിന്ദുവാണ്.
പലരുടെയും വീടും പറമ്പും ജപ്തി നടപടി നേരിടുകയാണ്. അവർ അറിയാതെയാണ് ബാങ്ക് ബോർഡിലെ സിപിഎം അംഗങ്ങൾ അതു പണയപ്പെടുത്തി വായ്പ സിപിഎം അനുഭാവികൾക്ക് കൊടുത്തത്. അവർക്ക് സ്വത്തുക്കൾ തിരിച്ചു കിട്ടുമോ എന്ന് വ്യക്തമല്ല.
ഇവരിൽ ആരെയും മന്ത്രി ബിന്ദു കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതി വ്യാപകമാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഇതേക്കുറിച്ച് സംസാരിക്കാനേ സിപിഎം ആഗ്രഹിച്ചിരുന്നില്ല. അപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശ്നം ഉന്നയിച്ചതും എവിടെയും തൊടാതെ മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടി വന്നതും.
കരിവന്നൂർ പ്രശ്നം പുറത്തുവന്ന ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. പാർട്ടിക്ക് അതുണ്ടാക്കുന്ന പ്രയാസം ചെറുതല്ല. തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഇ ഡി വീണ്ടും വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമ്പോൾ സിപിഎം നേതാക്കൾ കൊച്ചിയിലേക്ക് പോകുകയാണ്.
കരുവന്നൂരിനെ കുറിച്ച് സിപിഎം നടത്തിയ രഹസ്യന്വേഷണ റിപ്പോർട്ടിന്റെ കോപ്പി കാണിച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതുണ്ടാക്കുന്ന അമ്പരപ്പ് ചെറുതല്ല. അതുകൊണ്ട് കൂടിയാണ് ഈ ഡിയെ ആക്രമിക്കാതെ പിണറായിക്ക് പോലും മറുപടി പറയേണ്ടി വരുന്നത്.
Read also :വടക്കൻ ജില്ലകൾക്ക് ആശ്വാസം: വേനൽ മഴയ്ക്ക് സാധ്യത: മൂന്നിടങ്ങളിൽ യെല്ലോ അലർട്ട്