ഇസ്‍ലാമാബാദ്: സമൂഹമാധ്യമമായ ‘എക്സ്’ (ട്വിറ്റർ) നിരോധിച്ച് പാക്കിസ്ഥാൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണു താൽക്കാലിക നിരോധനമെന്നു പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്സിനു നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.
ഫെബ്രുവരി പകുതി മുതലേ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നു പാക്കിസ്ഥാനിലെ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിരുന്നില്ല. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്.
‘‘പാക്ക് സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നതിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തടയുന്നതിലും പരാജയപ്പെട്ടതിനാൽ എക്സിനെ നിരോധിക്കാൻ നിർബന്ധിതമായി’’ എന്നാണു സത്യവാങ്മൂലത്തിൽ ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഫെബ്രുവരി 17 മുതൽ എക്സ് ലഭ്യമായിരുന്നില്ലെന്നു പാക്ക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.
Read also: ഇറാന് ഉപരോധമേർപ്പെടുത്താൻ ഒരുങ്ങി യുഎസും യൂറോപ്യൻ യൂണിയനും: വരും ദിവസങ്ങളിൽ നടപടി