‘ഇനി കളിയങ്ങ് കേരളത്തിൽ’: എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റുമായി പൃഥ്വിരാജ്

മലയാളസിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ആ ആവേശം ഒന്നുകൂടി കൂട്ടാൻ ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വിവരം പുറത്തുവന്നിരിക്കുകയാണ്.

എമ്പുരാന്റെ ഇനിയുള്ള ചിത്രീകരണം കേരളത്തിലായിരിക്കും എന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം. തന്റെ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ വഴി സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ഈ വിവരം അറിയിച്ചത്. എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാ​ഗുകൾക്കൊപ്പം ലൊക്കേഷനിൽനിന്നുള്ള തന്റെ ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.

നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. അറ്റാക്ക് ഹെലികോപ്ടറിന് മുന്നിൽ കൈയിൽ ഗണ്ണുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണിച്ചിരുന്നത്. ലൂസിഫറിലെ താരങ്ങളിൽ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും എമ്പുരാന്റെ ഭാ​ഗമാകുന്നുണ്ട്.

ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലൈക്ക പ്രൊഡക്ഷൻസ് ആശിർവാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിർമാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും ‘എമ്പുരാൻ’. മുരളി ഗോപിയുടേതാണ് തിരക്കഥ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ ഈ ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പദ്ധതി എന്ന റിപ്പോർട്ടുകളുണ്ട്.

Read also: തകർപ്പൻ നൃത്തചുവടുകളുമായി ബോളിവുഡ് താരങ്ങൾ: ആവേശത്തിരയിളക്കി ഒരു വിവാഹ റിസപ്‌ഷൻ: വൈറൽ