മുഖ്യമന്ത്രിക്ക് മേൽ ഇത്രയും കാലം പോലീസ് സാക്ഷ്യപ്പെടുത്തി കൊണ്ടിരുന്ന സുരക്ഷാഭീഷണി തിരഞ്ഞെടുപ്പ് കാലത്ത് അപ്രത്യക്ഷമായ കാഴ്ചയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നതും പലയിടങ്ങളിലായി സഞ്ചരിക്കുന്നതും അതിഭീകര സുരക്ഷയുടെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാതെയാണ്.
നാടുമുഴുവൻ ഗതാഗതം തടഞ്ഞും അഗ്നി രക്ഷാസേന മുതൽ ആംബുലൻസ് വരെ ഉൾപ്പെടുന്ന വാഹനവ്യൂഹം ഒരുക്കിയും വിവാദങ്ങളിൽ ഇടംപിടിച്ച ‘നവകേരള സദസ്സ്’ മോഡൽ സുരക്ഷാസന്നാഹം ഒഴിവാക്കി ലളിതമായാണ് പല സ്ഥലങ്ങളിലേക്കുള്ള യാത്രകൾ മുഖ്യമന്ത്രി തുടരുന്നത്.
ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധമുള്ള സുരക്ഷാസന്നാഹങ്ങൾ ഇല്ലാതെയാണ് പല തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പൈലറ്റ്, എസ്കോർട്ട്, പോലീസ് വാഹനങ്ങൾക്ക് പുറമേ അംഗരക്ഷകരുടെ വാഹനങ്ങളടക്കം അര ഡെസനിൽ താഴെ വാഹനങ്ങൾ മാത്രം ഉൾപ്പെട്ട വ്യൂഹം ആണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ ഇപ്പോൾ ഉള്ളത്.
7 ആയുധധാരികൾ അടക്കം 25 കമാൻഡുകൾ ഉൾപ്പെട്ട ഭ്രുത കർമ്മ സേന, 2 എസ്‌ക്കോർട്ട് വാഹനങ്ങൾ, ഒരു പൈലറ്റ് വാഹനം, സ്ട്രൈക്കർ ഫോഴ്സ് സ്പെയർ വാഹനം തുടങ്ങിയവ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ അണിനിരക്കുന്ന സുരക്ഷാസന്നാഹം തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്കോഡ്, ഡോഗ്സ്കോഡ്, അഗ്നിരക്ഷാസേന, മെഡിക്കൽ സംഘം, ആംബുലൻസുകൾ തുടങ്ങിയവ നേരത്തെ ഏർപ്പെടുത്താറുണ്ടെങ്കിലും മുഖ്യമന്ത്രി എത്തിയ പല സ്ഥലങ്ങളിലും മെറ്റൽ ഡിക്റ്റര്‍ പോലും ഉണ്ടായിരുന്നില്ല. മുൻകൂറായി ഗതാഗതം തടസ്സപ്പെടുത്തി റോഡ് ക്ലിയറിങ് പാർട്ടിയെ നിയോഗിക്കുന്നതും ഇപ്പോഴില്ല.
തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകർ ഭാരിച്ച സുരക്ഷയുടെ ശ്വാസംമുട്ടലില്ലാതെയാണ് ഇപ്പോൾ പങ്കെടുക്കുന്നത്. വേദിയുടെ ഏറെ മുന്നിൽ ജനത്തെ ബാരിക്കേഡ് കെട്ടി അകറ്റി ഇരുത്തുന്ന രീതിയുമില്ല. മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർ അരികിൽ ചേർന്ന് നിൽക്കവേയാണ് മുഖ്യമന്ത്രി പല സ്ഥലങ്ങളിലും വേദികളിൽ എത്തുന്നത്.
തിരികെ പോകുമ്പോൾ പൊതുസമ്മേളന നഗരികളിലെ മതിൽ ചാടിക്കടന്ന് ജനം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് അരികിൽ റോഡിലൂടനീളം നിൽക്കുന്നുണ്ടെങ്കിലും പോലീസ് ഇപ്പോൾ ലാത്തിയുമായി ചാടി വീഴുന്നുമില്ല.
Read also :ആവേശം നിറച്ച് നാളെ തൃശ്ശൂർ പൂരം