താൻ അച്ഛന്റെ സ്‌നേഹം എന്താണെന്ന് അറിഞ്ഞിട്ടില്ലെന്ന് നടൻ മിഥുൻ രമേശിന്റെ ഭാര്യ ലക്ഷ്മി മേനോൻ. ഒന്നോ രണ്ടോ തവണ മാത്രമാണ് താൻ അച്ഛനെ ആകെ ജീവിതത്തിൽ കണ്ടിട്ടുള്ളത്. കണ്ടപ്പോഴും അങ്ങനെ നല്ല സമീപനമൊന്നുമായിരുന്നില്ല അച്ഛന് തന്നോട് ഉണ്ടായിരുന്നത്. തന്നോട് വലിയ താത്പര്യമൊന്നുമില്ലാത്ത പെരുമാറ്റമാണ് കണ്ടപ്പോഴും അച്ഛന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. മിഥുൻ ചേട്ടനെ കണ്ടപ്പോൾ തനിക്ക് തോന്നി അച്ഛനിൽ നിന്നും ലഭിക്കേണ്ട സ്‌നേഹവും പരിഗണനയുമൊക്കെ ലഭിക്കുമെന്ന്. തങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലും അത് മകൾ തൻവിയെ ഒരിക്കലും ബാധിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. അതിനാൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുകയാണെങ്കിലും അത് പറഞ്ഞു തീർക്കാൻ ശ്രമിക്കും. അല്ലാതെ ഒരിക്കലും ഉപേക്ഷിച്ച് പോകില്ലെന്ന് ലക്ഷ്മി പറയുന്നു. ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.
പകുതിയ്ക്ക് വെച്ച് ഈ ബന്ധം ഉപേക്ഷിക്കില്ലെന്നത് തന്റെ മനസിൽ ഉറപ്പിച്ച കാര്യമാണ്. തനിക്ക് വെറും മൂന്ന് മാസം മാത്രം പ്രായമായപ്പോഴാണ് അച്ഛനുമായി പിരിഞ്ഞ് അമ്മ സ്വന്തം വീട്ടിൽ വന്ന് നിന്നത്. തനിക്ക് നാലു വയസായപ്പോഴേക്കും ഇരുവരും തമ്മിൽ നിയമപരമായി വേർപിരിഞ്ഞു. സ്‌കൂളിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും തമ്മിൽ വേർപിരിഞ്ഞുവെന്ന് താൻ മനസിലാക്കുന്നത്. തന്നെ കൊണ്ടു പോയിരുന്നത് തന്റെ മുത്തച്ഛനാണ്. അച്ഛൻ എന്നാണ് താൻ മുത്തച്ഛനെയും വിളിച്ചിരുന്നത്. മുത്തച്ഛന്റെ മുടി നരച്ചിരുന്നു. സ്‌കൂളിൽ പോകുന്ന സമയത്ത് കൂട്ടുകാരുടെ അച്ഛന്മാരുടെ മുടി കറുത്തതായിരുന്നു. തന്റെ അച്ഛന് മാത്രം എന്താണ് വെള്ള മുടിയെന്ന് എപ്പോഴും ചിന്തിക്കുമായിരുന്നു. പിന്നീട് ഇത് അമ്മയോട് ചോദിക്കാൻ തുടങ്ങി. അപ്പോഴാണ് ഇത് അച്ഛനല്ല, മുത്തച്ഛനാണെന്ന് മനസിലായത്. അച്ഛൻ തങ്ങളുടെ ഒപ്പമില്ലെന്ന് അപ്പോഴാണ് മനസിലാക്കുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി.
അമ്മ പഠിച്ചതു കൊണ്ട് മാത്രമാണ് അമ്മയ്ക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞത്. സിവിൽ എഞ്ചിനീയറിംഗാണ് അമ്മ പഠിച്ചത്. വിദ്യാഭ്യാസം നേടി സ്വന്തം കാലിൽ നിൽക്കണമെന്നായിരുന്നു അമ്മ എപ്പോഴും പറഞ്ഞിരുന്നതെന്നും ലക്ഷ്മി പറഞ്ഞു.
മിഥുൻ ചേട്ടന് തന്നെ കൊണ്ട് ആകുന്നതെല്ലാം ചെയ്ത് നൽകാനാണ് തനിക്ക് ഇഷ്ടം. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളോടും ആഗ്രഹങ്ങളോടും എന്നും റെസ്‌പെക്ട്ഫുൾ ആയിരിക്കും. താനും മിഥുൻ ചേട്ടനും തമ്മിൽ 7 വയസിന്റെ വ്യത്യാസം ഉണ്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി.
സോഷ്യൽ ആങ്‌സൈറ്റി കാരണം തനിക്ക് ലിഫ്റ്റിൽ കയറാൻ പേടിയാണ്. പല സ്ഥലങ്ങിലും പോകുമ്പോഴും താൻ നിലത്ത് നോക്കിയാണ് നടക്കുന്നത്. കാരണം നിലത്ത് നോക്കി നടന്നാൽ ആരോടും അധികം സംസാരിക്കണ്ടല്ലോ. മിഥുൻ ചേട്ടനൊപ്പം പുറത്തു പോകുമ്പോൾ ആരെങ്കിലും സംസാരിക്കാൻ വരുമ്പോൾ തന്നെ തനിക്ക് ടെൻഷനാണ്. അവർ തന്നോട് മിണ്ടുമോ, ചിരിക്കുമോ, താൻ തിരിച്ച് എന്ത് സംസാരിക്കും, തന്നെപ്പറ്റി എന്തു കരുതും എന്നൊക്കെയാണ് ടെൻഷൻ. അങ്ങനെ വരുമ്പോൾ താൻ പതിയെ അവിടെ നിന്നും മാറി നിൽക്കും. അവിടേക്കും അവരെത്തി തന്നോട് സംസാരിക്കുകയാണെങ്കിൽ താൻ തീർച്ചയായും സംസാരിക്കും. ചിലർ അപ്പോൾ കരുതും താൻ ജാഡയാണെന്നും അഹങ്കാരിയാണെന്നും. ഫോൺ കോൾ എടുക്കലും തനിക്ക് ബുദ്ധിമുട്ടാണ്. മിഥുൻ ചേട്ടൻ, തൻവി, അമ്മ ഇവരല്ലാതെ ആരു വിളിച്ചാവലും തനിക്ക് ഫോണിൽ സംസാരിക്കാൻ മടിയാണ്. എല്ലാവർക്കും മെസേജ് ചെയ്യലാണ് പതിവെന്നും ലക്ഷ്മി പറഞ്ഞു.