വാഹനപ്രേമികളുടെ ശ്രദ്ധയ്ക്ക്; ഫോർച്യൂണർ എസ്‌യുവിയുടെ മൈൽഡ്-ഹൈബ്രിഡ് പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

ഫോർച്യൂണർ എസ്‌യുവിയുടെ മൈൽഡ്-ഹൈബ്രിഡ് പതിപ്പ് ദക്ഷിണാഫ്രിക്കയിൽ അവതരിപ്പിച്ച് ടൊയോട്ട. വരും മാസങ്ങളിൽ മറ്റ് രാജ്യങ്ങളിലെ വിപണികളിലും വാഹനം അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്ത്യയിൽ വിൽക്കുന്ന ഫോർച്യൂണർ ലെജൻഡറുമായി പുതിയ വാഹനത്തിന് വളരെയേറെ സാമ്യമുണ്ട്. എന്നാൽ ഫോർച്യൂണർ ലെജൻഡറിനെ അപേക്ഷിച്ച് കൂടുതൽ കളറുകളിൽ ഫോർച്യൂണർ മൈൽഡ് ഹൈബ്രിഡ് പതിപ്പ് ലഭ്യമാകും. ബ്ലാക്ക്, വൈറ്റ് കളർ ഓപ്ഷനിൽ മാത്രമാണ് ഫോർച്യൂണർ ലെജൻഡർ ലഭിക്കുന്നത്.

ഹൈലക്‌സ് എംഎച്ച്ഇവി പോലെ തന്നെ ഫോർച്യൂണർ മൈൽഡ് ഹൈബ്രിഡിനും 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ്. 201 എച്ച്പി, 500എൻഎം, 2.8 ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിലുള്ളത്.

48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റമാണ് വാഹനത്തിലുണ്ടാവുക. ഇത് ഫോർച്യൂണറിന്റെ മലിനീകരണം കുറയുകയും ഇന്ധനക്ഷമത വർധിക്കുകയും ചെയ്യും. മൈൽഡ് ഹൈബ്രിഡ് ഓപ്ഷനോടെ അവതരിപ്പിച്ചിരിക്കുന്ന വാഹനത്തിൽ ടൊയോട്ട സേഫ്റ്റി സെൻസ് ADAS സ്യൂട്ടും 360-ഡിഗ്രി ക്യാമറയുമുണ്ട്. ടൊയോട്ട നേരത്തെ തന്നെ ഇതേ ഹൈബ്രിഡ് സിസ്റ്റം ഹൈലക്സിൽ അവതരിപ്പിച്ചിരുന്നു.

പരമാവധി 201 bhp പവറും 500 Nm പീക്ക് ടോർക്കും വികസിപ്പിക്കാൻ ശേഷിയുള്ള 2.7 ലിറ്റർ ഡീസൽ എഞ്ചിനാണ് ടൊയോട്ട ഹൈലക്‌സിനുള്ളത്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കുന്നത്. എല്ലാ ഹൈലക്സ് മോഡലുകളിലും 4-വീൽ ഡ്രൈവ് സ്റ്റാൻഡേർഡ് ആയി വരുന്നു.