ഇന്ന് വാഹനം ഡ്രൈവ് ചെയ്യാത്തവർ വളരെ വിരളമാണ്. സ്വന്തമായി വാഹനമില്ലെങ്കിൽ പോലും സുഹൃത്തുക്കളുടെയും മറ്റും വാഹനങ്ങളെങ്കിലും ഓടിച്ചിട്ടുള്ളവരാണ് നമുക്ക് ചുറ്റുമുള്ളത്. ഏകാഗ്രതയും സൂക്ഷ്മതയും വളരെ കൂടുതൽ വേണ്ട പ്രക്രിയയാണ് ഡ്രൈവിംഗ്. വാഹനം ഓടിക്കുന്നതിനിടെ അപകടങ്ങൾ ഉണ്ടാകുന്നത് ഡ്രൈവറുടെ ശ്രദ്ധ അല്ലെങ്കിൽ ഏകാഗ്രത നഷ്ടപ്പെടുമ്പോഴാണ് എന്നത് നമുക്കറിയാം. പക്ഷെ ഈ ഏകാഗ്രതയ്ക്ക് ഭംഗം വരുന്ന കാരണങ്ങൾ എന്താണെന്ന് അറിയാമോ.
ഈ കാരണങ്ങളെ പ്രധാനമായും മൂന്നായി തരം തിരിക്കാം. കാഴ്ചയ്ക്ക് തടസ്സം നേരിടുക, അനിയന്ത്രിതമായ ദിശ മാറ്റം, ഡ്രൈവറുടെ മനസ്സിനുണ്ടാകുന്ന ജാഗ്രതക്കുറവ് എന്നിവയാണവ. ഇവയിലേതിലെങ്കിലും ഒന്നിന്റേയോ യോജ്യമായ സംയുക്തകാരണങ്ങളാലോ ആണ് ഒരപകടം അടിസ്ഥാനപരമായി സംഭവിക്കുന്നത്. ഈ മൂന്ന് ഡിസ്ട്രാക്ഷനുകളും ഒരുമിച്ച് വരുന്ന ഒരു പക്ഷെ ഏകസാഹചര്യം ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുക എന്നതായിരിക്കും.
മോട്ടോർ വാഹന നിയമഭേദഗതി പ്രകാരം ഒരു ഹാൻഡ് ഹെൽഡ് ഉപകരണമായ മൊബൈൽ ഫോണുകൾ ഡ്രൈവിംഗിനിടെ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാകുന്നത് ബോധപൂർവ്വമുള്ള ഒരു സമ്പൂർണ്ണഡിസ്ട്രാക്ഷൻ ആയതിനാലാണ്. മിക്ക റോഡപകടങ്ങളിലും മൊബൈൽ ഉപയോഗം അദൃശ്യമായ ഒരു പ്രധാനകാരണവുമാകാറുണ്ട്. ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഉപയോഗിക്കുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുക. ഈ ശീലം ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യത്തിൽ നല്ല ശ്രദ്ധവേണം.
മദ്യമോ മറ്റു ലഹരിപദാർത്ഥങ്ങളോ ചില മരുന്നുകളോ കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് പൂർണ്ണമായും ഉപേക്ഷിക്കുക. ചുമയ്ക്ക് കഴിക്കുന്ന വിഭാഗത്തിൽ പെട്ടതുപോലെയുള്ള, മയക്കം സൃഷ്ടിച്ചേക്കാവുന്ന ചില മരുന്നുകളും മദ്യപാനത്തിന്റെ അതേ ദോഷവശങ്ങൾ ഡ്രൈവിങ്ങിൽ സൃഷ്ടിക്കും. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ ഡ്രൈവിംഗ് ഒഴിവാക്കുന്നതാണ് നല്ലത്.