ദുബായ്: യുഎഇയിൽ മഴക്കെടുതിയിൽ വലിയ നാശനഷ്ടം. ആയിരക്കണക്കിന് വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടമുണ്ടായി. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് രേഖകൾ കൃത്യമായി സമർപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. പൂർണ ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്കാണ് പ്രകൃതി ദുരന്തത്തിൽ പരിരക്ഷ ലഭിക്കുക.
75 വർഷത്തിനിടെ ഏറ്റവും വലിയ മഴയ്ക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. റെക്കോർഡ് മഴയാണ് ഇത്തവണ യുഎഇയിൽ പെയ്തത്. അൽ ഐനിലെ ഖത്മ് അൽ ഷക്ല മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മഴയുടെ നാശനഷ്ടങ്ങൾ പരിമിതപ്പെടുത്താൻ അധികാരികൾ വേഗത്തിൽ പ്രവർത്തിക്കണമെന്നാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിൽ ജനങ്ങൾ കാണിച്ച അവബോധത്തിനും ഉത്തരവാദിത്തത്തിനും ഷെയ്ഖ് മുഹമ്മദ് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
മഴ പെയ്ത് വെള്ളക്കെട്ടുണ്ടായപ്പോൾ കെട്ടിടത്തിന്റെ ബേസ്മെന്റ് പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് ഉൾപ്പെടെ ഇൻഷുറൻസ് ലഭിക്കും. എന്നാൽ, പ്രകൃതി ക്ഷോഭം ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടും വാഹനം വെള്ളത്തിലിറക്കി കേടുപാടുണ്ടായാൽ ഇത്തരം പോളിസികളിൽ കമ്പനികൾക്കാണ് അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം. വെള്ളം കയറി വാഹനങ്ങൾക്കു കേടുപാടുണ്ടായാൽ, ദുബായ് റജിസ്റ്റേഡ് വാഹനങ്ങൾക്ക് ദുബായ് പൊലീസിന്റെ ആപ്പിലോ വെബ്സൈറ്റിലോ നിശ്ചിത ഫീസ് അടച്ചാൽ ടു ഹും മേ കൺസേൺ സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇൻഷുറൻസ് ബ്രോക്കറെ ബന്ധപ്പെടാം. വാഹനങ്ങളുടെ കേടുപാടുകൾ കൃത്യമായ രേഖപ്പെടുത്തുകയും വിഡിയോ, ഫോട്ടോ എന്നിവ സൂക്ഷിക്കുകയും വേണം.
ഇതിനു ശേഷം വാഹനത്തിന്റെ മുൽക്കി, ഡ്രൈവിങ് ലൈസൻസ് എന്നിവ നൽകി പൊലീസിന്റെ അസ്സൽ റിപ്പോർട്ട് നേരിട്ടു വാങ്ങാം. വാഹനം ഇൻഷുറൻസ് കമ്പനി പ്രതിനിധി പരിശോധിക്കും. തുടർന്ന് ഗ്യാരേജിലേക്കു മാറ്റും. ക്ലെയിം ലഭിക്കുന്നതു വരെ മുടങ്ങാതെ കാര്യങ്ങൾ അന്വേഷിക്കണം. വീടുകളും കെട്ടിടങ്ങളും ഇൻഷുർ ചെയ്തിട്ടുള്ളർക്കും നഷ്ടപരിഹാരം ലഭിക്കും. തീ, മോഷണം, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടായാൽ തെളിവു സഹിതം ഇൻഷുറൻസിനായി റിപ്പോർട്ട് നൽകണം.