തമിഴിലെ പ്രശസ്ത സംഗീത സംവിധായകനായ യുവൻ ശങ്കർ രാജയായിരുന്നു കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർജീവമായതായിരുന്നു അതിന് കാരണം. പുതുതായി റിലീസ് ചെയ്ത ഒരു ഗാനവുമായി ബന്ധപ്പെട്ട വിഷയമാണ് ഇതിനുപിന്നിലെന്ന് അഭ്യൂഹങ്ങളുയർന്നതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവൻ.
വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന വിജയ് ചിത്രം ഗോട്ട് (ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആണ് യുവൻ ശങ്കർ രാജ ഈണമിട്ട് റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഈ സിനിമയിലെ വിസിൽ പോട് എന്ന ഗാനം ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിലീസ് ചെയ്തത്. എന്നാൽ ലിറിക്കൽ വീഡിയോ ആയി ഇറങ്ങിയ ഗാനത്തിന് ആരാധകരിൽനിന്ന് അത്ര നല്ല സ്വീകരണമല്ല ലഭിച്ചത്. നായകനായ വിജയ് ആലപിച്ച ഗാനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന വിമർശനവുമുയർന്നു. ഇതിന് പിന്നാലെയാണ് യുവന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കാണാതായത്.
സംഭവം വലിയ ചർച്ചയായതോടെ കഴിഞ്ഞദിവസം വൈകീട്ടോടെ വിശദീകരണവുമായി യുവൻ രംഗത്തെത്തി. ഇതൊരു സാധാരണ സാങ്കേതിക പ്രശ്നം മാത്രമാണെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചെടുക്കാൻ തന്റെ ടീം ശ്രമിക്കുന്നുണ്ടെന്നും ഉടൻ തിരിച്ചുവരുമെന്നും യുവൻ എക്സിൽ പോസ്റ്റ് ചെയ്തു.
വിഷുദിനത്തിലാണ് ഗോട്ടിലെ വിസിൽ പോട് എന്ന ഗാനം റിലീസ് ചെയ്തത്. ലിയോയിലെ ‘നാൻ റെഡിയാ വരവാ’ എന്ന ഗാനത്തിനുശേഷം വിജയ് ആലപിച്ച ഗാനമാണിത്. മദൻ കർക്കിയാണ് ഗാനമെഴുതിയത്. പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റുതാരങ്ങൾ.
Read also: ‘ബോബി ചെമ്മണൂർ വിളിച്ചിരുന്നു, റഹീമിന്റെ ജീവിതം സിനിമയാക്കില്ല; അത്തരമൊരു തീരുമാനമില്ല: ബ്ലെസി