ആലപ്പുഴ: ബിജെപി ആണോ മുഖ്യമന്ത്രിയാണോ മുഖ്യശത്രുവെന്ന് കേരളത്തിലെ കോൺഗ്രസ് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയനും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നാണ് കോൺഗ്രസ് ആരോപണം. എപ്പോഴെങ്കിലും ഇടതുപക്ഷം ബിജെപിയോട് മൃദു സമീപനം സ്വീകരിച്ചിട്ടുണ്ടോ. അതേ സിപിഎം നിലപാടാണ് ബിജെപി ക്കെതിരെ പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് യെച്ചുരി ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നിലവിലെ പിസിസി അധ്യക്ഷന്‍മാരുമടക്കം ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറുന്നു. കേരളത്തില്‍ എല്‍ഡിഎഫും സര്‍ക്കാരും ശരിയായ നിലപാടെടുക്കുന്നത് കൊണ്ടാണ് ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്തതെന്നും യെച്ചൂരി പറഞ്ഞു.
‘കേരളത്തില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് എത്ര പേരാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് മനസിലാക്കണം. ബംഗാളില്‍ സിപിഎം നേതാക്കള്‍ ബിജെപിയില്‍ പോയെന്ന പ്രചാരണം മാധ്യമ അജന്‍ഡയാണ്. കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നത് ബിജെപിയെ ജയിപ്പിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ മതനിരപേക്ഷതയും ഭരണഘടനയും നിലനില്‍ക്കുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പ് നേരിടുന്ന പ്രധാന ചോദ്യം. സംസ്ഥാന അടിസ്ഥാനത്തിലാണ് ഇന്ത്യാ കൂട്ടായ്മ ശക്തം. ബിജെപി വിരുദ്ധവോട്ടുകളുടെ ഏകീകരണമാണ് മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ലക്ഷ്യമിടുന്നത്.’ കേരളത്തിലും തമിഴ്നാട്ടിലും ബംഗാളിലും മഹാരാഷ്ട്രയിലും ത്രിപുരയിലുമടക്കം ഇതര സംസ്ഥാനങ്ങളിലെല്ലാം മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ശക്തമാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.