നടനും ബിജെപി എം.പിയുമായ രവി കിഷനെതിരേ ആരോപണവുമായി അപര്‍ണ താക്കൂര്‍ എന്ന സ്ത്രീ രംഗത്ത് വന്നിരുന്നു. താന്‍ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം നിഷേധിക്കുന്നുവെന്നാണ് അപര്‍ണ പറഞ്ഞത്. ഈ സംഭവത്തിന് തൊട്ടുപിന്നാലെ അപര്‍ണയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മകള്‍ ഷിന്നോവ. തങ്ങള്‍ ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്നും നടി കൂടിയായ ഷിന്നോവ വ്യക്തമാക്കി.
ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നതിനായി ബോംബൈ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
”ബഹുമാനപ്പെട്ട യോഗിജി (യോഗി ആദിത്യനാഥ്). ഞാന്‍ നടനും എം.പിയുമായ രവി കിഷന്റെ മകളാണ്. എനിക്കും എന്റെ അമ്മയ്ക്കും കുറച്ച് സമയം താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ എല്ലാ തെളിവുകളുമായി ഞാന്‍ വരാം. അതിന് ശേഷം താങ്കള്‍ക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം”- ഷിന്നോവ പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് രവി കിഷന്‍. പണം തട്ടിയെടുക്കാനുള്ള അടവാണ് ഇതെന്നും ബലാത്സംഗത്തിന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ഇരുപത് കോടിയാണ് അപര്‍ണ ആവശ്യപ്പെട്ടതെന്നും രവി കിഷന്റെ അഭിഭാഷകര്‍ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഖൊരക്പൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി കൂടിയാണ് രവി കിഷൻ.