ചൈനയെ കടത്തി വെട്ടി ജിയോ

ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറായി റിലയന്‍സ് ജിയോ. 2024 ലെ ആദ്യ പാദത്തില്‍ ചൈന മൊബൈലിന്റെ ഡാറ്റാ ഉപഭോഗം 38 എക്സാബൈറ്റില്‍ എത്തിയപ്പോള്‍ റിലയന്‍സ് ജിയോ 40.9 എക്‌സാബൈറ്റിലെത്തിയതായി അനലറ്റിക്‌സ് സ്ഥാപനമായ ടെഫിഷ്യന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 10.8 കോടി ഉപഭോക്താക്കളുമായി ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി സേവനദാതാവും ജിയോയാണ്.

2024 മാര്‍ച്ച് വരെ, ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 48.18 കോടിയാണ്. അതില്‍ 10.8 കോടിപേര്‍ ജിയോയുടെ ട്രൂ5ജി നെറ്റ്വര്‍ക്ക് ഉപഭോക്താക്കളാണ്. മൊബിലിറ്റി ഡാറ്റാ ട്രാഫിക്കിന്റെ ഏകദേശം 28% 5G സേവനങ്ങളാണ്. ജിയോ നെറ്റ്വര്‍ക്കിലെ പ്രതിമാസ ഡാറ്റാ ട്രാഫിക് 14 എക്‌സാബൈറ്റ് കടന്നു. (2018ല്‍ ഇന്ത്യയുടെ പ്രതിമാസ മൊബൈല്‍ ഡാറ്റ ട്രാഫിക് 4.5 എക്‌സാബൈറ്റ് ആയിരുന്നു)

കോവിഡിന് ശേഷം വാര്‍ഷിക ഡാറ്റാ ട്രാഫിക്ക് 2.4 മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ട്. പ്രതിശീര്‍ഷ പ്രതിമാസ ഡാറ്റ ഉപയോഗം മൂന്ന് വര്‍ഷം മുമ്പ് വെറും 13.3 ജിബിയില്‍ നിന്ന് 28.7 ജിബിയായി ഉയര്‍ന്നു. റിലയന്‍സ് ജിയോ തിങ്കളാഴ്ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന ത്രൈമാസ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. മികച്ച നേട്ടമാണ് ജിയോ കഴിഞ്ഞ വര്‍ഷം നേടിയത്.

10.8 കോടി ട്രൂ 5ജി ഉപഭോക്താക്കളുമായി, ജിയോ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ 5ജി പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ഇതുവരെയുള്ള 2ജി ഉപയോക്താക്കളെ സ്മാര്‍ട്ട്ഫോണുകളിലേക്ക് അപ്ഗ്രേഡുചെയ്യുന്നത് മുതല്‍ എഐ-ഡ്രൈവ് സൊല്യൂഷനുകള്‍ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങള്‍ വരെ, രാജ്യത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതില്‍ ജിയോ അതിന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി അഭിപ്രായപ്പെട്ടു