നല്ല ചൂടാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് തല വിയർപ്പും അഴുക്കും ചൂടും തട്ടി നിൽക്കുമ്പോഴാണ്. ഇതിനു പരിഹാരമായി പലവിധ ഷാമ്പു ലഭിക്കും. എന്നാൽ അവ മുടിയുടെ വളർച്ചയെ സാരമായി ബാധിക്കും. ഇതിലൂടെ മുടി കൊഴിച്ചിൽ,മുടിയുടെ അറ്റം പൊട്ടുക എന്നിവയൊക്കെ സംഭവിക്കാം. എന്നാൽ ഇതിനു പകരമായി പ്രകൃതി ദത്തമായ താളികൾ ഉപയോഗിക്കുന്നത് വളരെ നല്ലതാണു
എന്തൊക്കെ താളി ഉപയോഗിക്കാം
കറ്റാര്‍വാഴ
കറ്റാര്‍ വാഴയുടെ തട/ തണ്ട് എടുത്ത് പുറമെയുള്ള തൊലി ചെത്തിക്കളയണം. നല്ല കനമുള്ള തടയാണെങ്കില്‍ രണ്ടെണ്ണം മതി. അതിന്റെ ഉള്ളില്‍ നിന്നു കിട്ടുന്ന ജെല്ലാണ് എടുക്കേണ്ടത്. മിക്സിയിലിട്ട് നന്നായി അരയ്ക്കണം. വെള്ളം ചേര്‍ക്കേണ്ടതില്ല. നല്ല കുഴമ്പുപരുവത്തില്‍ അരയണം. ആ കുഴമ്പ് തലയോട്ടിയില്‍ നന്നായി തേച്ച് പിടിപ്പിക്കണം. തലയില്‍ നല്ല തണുപ്പ് അനുഭവപ്പെടും. തലവേദനയ്ക്കും താരനും ഫലപ്രദമായ ഒരു ഔഷധമാണ് കറ്റാര്‍വാഴ. ( മിക്സിയിലടിച്ചിട്ട് ജാര്‍ നന്നായി കഴുകാന്‍ വിട്ടുപോകരുത്. നല്ല കയ്പ്പുള്ള സാധനമാണ് കറ്റാര്‍ വാഴ. അമ്മയുടെ കയ്യില്‍ നിന്ന് നല്ല തല്ലു കിട്ടും. അനുഭവം ഗുരു)
കാട്ടുതാളി
സമൃദ്ധമായി ഇലയും കായുമുണ്ടാകുന്ന ഒരു കുറ്റിച്ചെടിയാണ് കാട്ടുതാളി. ഇതിന്റെ ഇല അല്പം വെള്ളം ചേര്‍ത്ത് കല്ലില്‍ വച്ച് നന്നായി ഇടിച്ചു പിഴിഞ്ഞെടുക്കണം. പത്ത് പതിനഞ്ച് ഇല എടുത്താല്‍ മതി. നന്നായി ഇടിച്ചു പിഴിഞ്ഞെടുക്കണം. താളി റെഡി. വെള്ളം അധികം ചേര്‍ക്കരുത്. ഇനി താളി തലയില്‍ നന്നായി തേച്ച് പിടിപ്പിക്കണം. രണ്ടോ മൂന്നോ മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാം.
കുറുന്തോട്ടി
കുറുന്തോട്ടിക്കും വാതമോ എന്നൊരു ചൊല്ല് മലയാളത്തില്‍ പ്രസിദ്ധമാണ്. കുറുന്തോട്ടി സമൂലം (ഇലയും വേരും പൂവും കായും) താളിയുണ്ടാക്കാന്‍ ഉപയോഗിക്കാം. തണ്ടിന് ഉറപ്പ് കൂടുതലാണെങ്കിലും താളിയ്ക്ക് നല്ലതാണ്. കുറുന്തോട്ടി കുറച്ച് വെള്ളം ചേര്‍ത്ത് നന്നായി ഇടിച്ചു പിഴിഞ്ഞെടുക്കണം. മിക്സിയുപയോഗിക്കുന്നതിനെക്കാള്‍ നല്ലത് കല്ലില്‍ ഇടിച്ചു പിഴിഞ്ഞെടുക്കുന്നതാണ്. അഞ്ച് മിനിട്ടോളം തലയില്‍ തേച്ച് പിടിപ്പിക്കണം. നല്ല തണുപ്പ് ഉണ്ടാകും. മുടി കൊഴിച്ചിലിനും താരനും നല്ലതാണ് കുറുന്തോട്ടി താളി.
ചെമ്പരത്തിത്താളി
അടുക്കു ചെമ്പരത്തിയുടെ ഇലയാണ് താളിയ്ക്ക് നല്ലത്. ഇത് മിക്സിയില്‍ അടിച്ചെടുത്താലും മതി. പത്തു മുതല്‍ പതിനഞ്ചുവരെ ഇലയെടുത്ത് അല്പം വെള്ളം ചേര്‍ത്ത് ഇടിച്ചു പിഴിഞ്ഞെടുക്കണം. നല്ല കുഴമ്പു പരുവത്തില്‍ വേണം എടുക്കാന്‍. അതിനു ശേഷം തലയില്‍ തേച്ചു പിടിപ്പിക്കാം. ഇത് മുടിയിലെ എണ്ണമയം അകറ്റും. മുടിക്ക് തിളക്കം ഉണ്ടാകും. താരന്‍ അകറ്റാനും നല്ലതാണ്.
പാടത്താളി
നിലത്ത് പടര്‍ന്ന് കിടക്കുതിനാലാണ് ഈ സസ്യത്തിന് പാടത്താളി എന്നു പേരു വന്നത്. പേരില്‍ത്തെയുണ്ട് താളിയുമായുള്ള ബന്ധം. താളിയുണ്ടാക്കാന്‍ ഉത്തമ ഔഷധമാണ് പാടത്താളി.
തണ്ടും ഇലയും ചേര്‍ത്ത് നന്നായി ഇടിച്ചു പിഴിഞ്ഞെടുത്ത് താളിയായി ഉപയോഗിക്കാം. താരനും തലയിലുണ്ടാകു ചെറിയ കുരുക്കള്‍ക്കും ചൊറിച്ചിലിനും ഉത്തമ ഔഷധമാണ് പാടത്താളി.
തുളസിയില
തുളസിക്കതിര്‍ മുടിയില്‍ ചൂടുന്നതു പോലെ തന്നെ ഗുണമാണ് തുളസിയില കൊണ്ട് താളിയുണ്ടാക്കി തലയില്‍ തേയ്ക്കുന്നതും. പേന്‍ ശല്ല്യത്തിന് ഉത്തമ ഔഷധമാണ് തുളസിയില. ഇത് നന്നായി അരച്ച് തലയില്‍ തേച്ചാല്‍ പേന്‍ ശല്ല്യത്തില്‍ നിന്ന് രക്ഷനേടാം. മുടിക്ക് നല്ല മണവും ആരോഗ്യവും തുളസിയിലത്താളിയില്‍ നിന്നു ലഭിക്കും.
നിരവധി താളിപ്പൊടികള്‍ ആയുര്‍വേദ മരുന്നു കടകളില്‍ വാങ്ങാന്‍ കിട്ടും. അവയേക്കാള്‍ താളി നമ്മള്‍ വീട്ടില്‍ ഉണ്ടാക്കിയെടുക്കുന്നതാണ് നല്ലത്.