മസ്കത്ത്: മസ്കത്തിൽ ഒമാനിലെ ഏറ്റവും വലിയ കൊടിമരം “അൽ ഖുവൈർ സ്ക്വയർ” എന്ന പേരിൽ ഒരുങ്ങുന്നു. അല്‍ ഖുറൈവിലെ മിനിസ്ട്രി സ്ട്രീറ്റില്‍ 18,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മസ്കത്ത് നഗരസഭയും ജിൻഡാൽ ഷദീദ് അയേണ്‍ ആൻഡ് സ്റ്റീൽ കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രഖ്യാപന ചടങ്ങില്‍ മസ്‌കത്ത് ഗവര്‍ണര്‍ സയ്യിദ് സഊദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആൻഡ് സ്റ്റീല്‍ കമ്പനി സി ഇ ഒ ഹര്‍ഷ ഷെട്ടി എന്നിവര്‍ ധാരണാപത്രം കൈമാറി.
135 ടൺ സ്റ്റീൽ ഉപയോഗിച്ച് നിർമിക്കുന്ന ഈ കൊടിമരം ഒമാനിലെ തന്നെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമിത ഘടനയാകും.18 മീറ്റർ നീളവും 31.5 മീറ്റർ വീതിയും ഉള്ള ഒമാനി പതാക ഈ കൊടിമരത്തിൽ ഉയർത്തും. വിമാനങ്ങൾക്ക് സുരക്ഷിതമായ ഇറക്കത്തിനായി മുന്നറിയിപ്പ് നൽകുന്ന ലൈറ്റ് സംവിധാനവും ഇതിൽ ഉണ്ടായിരിക്കും. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനുള്ള വിനോദ സൗകര്യങ്ങൾ, കായിക സംവിധാനങ്ങൾ, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ, നടത്ത-സൈക്കിളിങ് പാതകൾ, കരകൗശല വസ്തുക്കളുടെ പ്രദർശനം, സ്കേറ്റ് പാർക്ക് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. 100 ൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ഈ വർഷം ഒക്ടോബറോടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നവംബറിൽ നടക്കുന്ന ദേശീയ ദിനാഘോഷ വേളയിൽ കൊടിമരം ഉദ്ഘാടനം ചെയ്യും.