മനാമ: ലൗ ദ ഖുർആൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ ഷൈഖ ഹെസ്സ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ മന:പ്പാഠ മൽസര വിജയികളെ പ്രഖ്യാപിച്ചു. അൽ ഫുർഖാൻ മദ്‌റസയിലെ ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷൈഖ ഹെസ്സ സെന്റർ റഫ ഇസ്‌ലാമിക് മദ്‌റസയിലെ വിദ്യാർത്ഥികളായ മുഹമ്മദ് റാഷിദ് റിമാസ് രണ്ടാം സ്ഥാനവും മറിയം ഷസ സത്താർ മൂന്നാം സ്ഥാനവും നേടി.
സൈഫുല്ല ഖാസിമിന്റെ നേതൃത്വത്തിൽ ഖുർആൻ അധ്യാപകർ വിദ്യാർത്ഥികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് നൽകിവന്ന പഠന പരിശീലന പരിപാടികൾക്ക് ശേഷം അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന സെമി ഫൈനൽ മൽസരത്തിലേക്ക് 26 വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന മൽസരത്തിൽ അംറാസ് അഹമ്മദ് കെ, അയ്‌റ നിസാബ്, ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ്, ഫിൽസ സലാഹ് (അൽ ഫുർഖാൻ മദ്‌റസ) ഫൈഹ ഹാഷിം, ജമീല അബൂബക്കർ, മറിയം ഷസ, മുഹമ്മദ് റാഷിദ്, മുഹമ്മദ് സയാൻ റാഖിബ്, റീം സൽവ അൻവർ (ഷൈഖ ഹെസ്സ സെന്റർ റഫ ഇസ്‌ലാമിക് മദ്‌റസ) എന്നീ 10 വിദ്യാർത്ഥികൾ ഫൈനലിലേക്ക് യോഗ്യത നേടുകയുമുണ്ടായി.
അൽ ഫുർഖാൻ മദ്‌റസ പ്രിൻസിപ്പാൾ സൈഫുല്ല ഖാസിം ഷൈഖ ഹെസ്സ സെന്റർ മദ്‌റസ പ്രിൻസിപ്പാൾ സുഹൈൽ മേലടി എന്നിവർ കോർഡിനേറ്റർമാരായിരുന്നു. അനീസ ഫാതിമ ടീച്ചർ (ദാറുൽ ഖുർആൻ സെന്റർ, അൽ ഫാതിഹ് ഇസ്‌ലാമിക് സെന്റർ) ഹയ്‌ഫ അഷ്‌റഫ്, ഷസ്‌മിനാ റയീസ്, ബിനുഷ സലാഹ്, സറീന ടിച്ചർ എന്നിവരായിരുന്നു ജഡ്ഗിംഗ് പാനൽ. മൂസാ സുല്ലമി, ആരിഫ ടീച്ചർ, സമീറ അനൂപ്, ഷഹ്‌ജബീൻ ടീച്ചർ, അനൂപ് തിരൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.