ലോകത്താകമാനം 21 കോടി 20 ലക്ഷത്തിലധികം ആളുകളെ മലമ്പനി അഥവാ മലേറിയ എന്ന രോഗം ബാധിച്ചിട്ടുണ്ട്. അതില്‍ 90 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. രോഗബാധിതരില്‍ 4,29,000 പേര് മരിച്ചു. ഇതില്‍ 80 ശതമാനവും അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളാണ്
രോഗവാഹകനെ കണ്ടെത്തിയത് ഇന്ത്യയിലാണ്. മറ്റു രാഷ്ട്രങ്ങള്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മലേറിയ ബാധയെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം വര്‍ധിച്ചുവരുകയാണ്. രോഗത്തിെൻറ തീവ്രത കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (WHO) എല്ലാ വര്‍ഷവും ഏപ്രില്‍ 25ന് ലോക മലേറിയ ദിനമായി ആചരിച്ചുവരുകയാണ്.
എന്താണ് മലമ്പനി?
ഏകകോശ ജീവിയായ പാരസൈറ്റ് അഥവാ പരാദങ്ങള്‍ പരത്തുന്ന രോഗമാണ് മലേറിയ എന്നു വിളിക്കുന്ന മലമ്പനി.
ലക്ഷണങ്ങൾ എന്തെല്ലാം?
- കടുത്ത പനി
- വിറയല്‍
- തുടര്‍ച്ചയായ വിയര്‍പ്പ്
- വിട്ടുമാറാത്ത തലവേദന
- ശരീരവേദന
- ഓക്കാനം, ഛർദ്ദി
- തൊലിപ്പുറത്തും മൂത്രത്തിലും കാണുന്ന നിറംമാറ്റം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
രോഗം പകരുന്നത്
അനോഫിലിസ് ഇനത്തിൽപെട്ട പെണ്‍കൊതുകിലൂടെയാണ് പ്ലാസ്മോഡിയം എന്ന ഏകകോശജീവി മനുഷ്യരക്തത്തില്‍ എത്തിച്ചേരുന്നത്. പ്ലാസ്മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.
രക്തത്തിലൂടെ പരാദങ്ങള്‍ കരളിെൻറ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിെൻറ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവപ്പു രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നു. അപൂര്‍വം അവസരങ്ങളില്‍ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.
ചികിത്സ
മലമ്പനി ചികിത്സിക്കാതിരുന്നാല്‍ ഗുരുതരമായ വിളര്‍ച്ചക്ക് കാരണമാകും. അത് പിന്നീട് ജീവനുതന്നെയും ഭീഷണിയായേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനു മുമ്പ്, എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കണം. പ്രത്യേകിച്ച് ഗര്‍ഭിണികളിലും കുട്ടികളിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയെ സമീപിക്കേണ്ടതാണ്. പനി ബാധിച്ചവരുടെ രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
രോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ക്ലോറോക്വിന് (Chloroquine) എന്ന ഗുളികയാണ് പ്രാഥമിക ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. രക്ത പരിശോധനയിലൂടെ മലേറിയ ആണെന്ന് ഉറപ്പായാല്‍ രോഗിക്ക് തുടര്‍ന്ന് സമ്പൂര്‍ണ ചികിത്സ (Radical treatment) നല്കുന്നു. നിലവില്‍ മലമ്പനിക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ വിപണിയിലുണ്ട്. പരാദങ്ങളുടെ സ്വഭാവമനുസരിച്ചാണ് മരുന്നുകള്‍ നിര്‍ണയിക്കുക. ഈ രോഗത്തിനെതിരെ ഫലപ്രദമായ വാക്സിന് നിലവിലില്ല.
ചില വാക്സിനുകള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും പൂര്‍ണമായ ഫലപ്രാപ്തി തെളിയിക്കാനായിട്ടില്ല. മലേറിയ ബാധിത പ്രദേശങ്ങളില്‍ പോകുന്നവര്‍ക്ക്, താല്‍ക്കാലിക പ്രതിരോധത്തിനായി മലമ്പനിക്കെതിരായ മരുന്നുകള്‍ നല്‍കുകയാണ് പതിവ്.
എന്തൊക്കെ ചെയ്യാം
- കൊതുക് നശീകരണമാണ് പ്രധാന പ്രവര്‍ത്തനം
- കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും കീടനാശിനി പ്രയോഗം,
- കുറ്റിക്കാടുകളില്‍ ഫോഗിങ് എന്നുവിളിക്കുന്ന പുകപ്രയോഗം,
- കിണറുകളില്‍ ഗപ്പി എന്ന മത്സ്യത്തെ വളര്‍ത്തുക എന്നിവയാണ് ജനവാസമുള്ള പരിസരങ്ങളില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍.
- വീടിനകം ശുചിയായി സൂക്ഷിക്കുക, ജനവാതിലുകളിലും വാതിലുകളിലും വീടിനകത്തേക്ക് കൊതുകുകള്‍ പ്രവേശിക്കാതിരിക്കാന്‍ നെറ്റ് പിടിപ്പിക്കുക. കൊതുകുവല ഉപയോഗിക്കുക എന്നിവയാണ് വ്യക്തികള്‍ പാലിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍.