ചിക്കനും ബീഫും കഴിച്ചു കൊളസ്‌ട്രോൾ കൂടിയെന്നുള്ള പരാതിയാണ് പലർക്കും. എന്നാൽ ബീഫ് കണ്ടാൽ വായിൽ കപ്പലോടും ചെയ്യും. ഇനിയിപ്പോൾ അതിനെ കുറിച്ചോർത്തു വിഷമിക്കണ്ട. ബീഫും ചിക്കനും പോലെ കറി വയ്ക്കാൻ കഴിയുന്ന ഒന്നാണ് കൂൺ
കൂണിൽ കൊളസ്ട്രോൾ ഇല്ല . ഇറച്ചിവിഭവങ്ങൾ പതിവായി കഴിച്ചാലുണ്ടാകുന്ന ദോഷം അതാണല്ലോ! കൊളസ്ട്രോളിനു പകരം കൂണിലുള്ളത് എർഗോസ്റ്റീറോളാണ്. ഇത് ശരീരത്തിൽ വൈറ്റമിൻ ഡി ആയി രൂപാന്തരപ്പെടുന്നു.
സാധാരണ ഒരു ഭക്ഷണത്തിൽ നിന്നും കിട്ടാത്തതാണ് വൈറ്റമിൻ ഡി. ഇതിനായി വെയിലു കൊള്ളാനാണ് സാധാരണഗതിയിൽ ഡോക്ടർമാർ നിർദേശിക്കുക. കൂണിൽ മാംസ്യവും ഉയർന്ന തോതിലുണ്ട് (12–15 ശതമാനം വരെ). മുട്ടയിൽനിന്ന് ഏതാണ്ട് 6–7 ഗ്രാം മാത്രമെ മാംസ്യം ലഭിക്കൂ എന്നോർക്കണം. ശരീരത്തിന് അത്യന്താപേക്ഷിതമായ അമിനോ അമ്ലങ്ങളായ ലൈസിൻ, ത്രിയോണീൻ, വാലൈൻ എന്നിവയും കൂണിൽ നല്ല അളവിലും അനുപാതത്തിലുമുണ്ട്.
ആരോഗ്യദായകമായ ബി കോംപ്ലക്സ് വൈറ്റമിനുകളാൽ സമ്പന്നമാണ് കൂണ്. നൂറു ഗ്രാം കൂൺ കഴിക്കുമ്പോൾ ഒരു ദിവസം ശരീരത്തിനു വേണ്ട വൈറ്റമിൻ ബി 1 അഥവാ തയാമിൻ ലഭ്യമാകുന്നു. കൂണിലെ ധാതുലവണങ്ങളുടെ അളവു പരിശോധിച്ചാൽ, സോഡിയം കുറഞ്ഞും പൊട്ടാസിയം ഏറിയും കാണാം.
ഇത് ഹൃദ്രോഗികൾക്ക് ഗുണകരമാണ്. അസിഡിറ്റി, വായുകോപം തുടങ്ങിയ അവസ്ഥകൾക്കു ശമനമുണ്ടാകാനും കൂൺ നല്ലതാണ്. കാരണം കൂണിന് ക്ഷാരസ്വഭാവമാണുള്ളത്. രോഗപ്രതിരോധശേഷി നൽകുന്ന ധാതുലവണങ്ങളായ സിങ്കും സെലനിയവും കൂണിലുണ്ട്.
കാലറി കുറഞ്ഞ ഭക്ഷണമായതുകൊണ്ട് പൊണ്ണത്തടിക്കാർക്കും കൂൺ പ്രയോജനപ്പെടും. കൊഴുപ്പും സോഡിയവും കുറവായതിനാൽ ഹൃദ്രോഗികൾക്കും ബിപിയുള്ളവർക്കും കൂൺവിഭവങ്ങൾ ഗുണം ചെയ്യും. നാരുകൾ സമൃദ്ധമായുള്ളതിനാൽ എയ്ഡ്സിന്റെ മരുന്നുകളിൽ മൈറ്റേക്ക് എന്ന കൂണിന്റെ സത്ത് ചേരുവയാണ്.
നാരുകളിൽ പ്രധാനിയായ ലിഗ്നിൽ കാൻസർ കോശങ്ങളെ ആഗിരണം ചെയ്ത് അവയെ നിർവീര്യമാക്കുന്നുവെന്നും ഗവേഷകർ. കൂണിലെ എർഗോതിയോണീൻ എന്ന ആന്റി ഓക്സിഡന്റാകട്ടെ, കാൻസർ തടയുന്നു. കാൻസറിന്റെ ചികിത്സയായ കീമോതെറപ്പിയു ടെ ക്ഷീണം അകറ്റാൻ കഴിച്ചു വരുന്ന ടോണിക്കുകളിൽ മൈറ്റേക്ക് എന്ന കൂണിന്റെ സത്താണ് പ്രധാനമായുള്ളത്.
കൂണിന്റെ ഗുണങ്ങൾ
- വിറ്റാമിൻ ഡിയുടെ ഏറ്റവും വലിയ ഉറവിടം സൂര്യപ്രകാശമാണ്. എന്നാൽ വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന കുറച്ച് ഭക്ഷണങ്ങളുണ്ട്, അതിലൊന്നാണ് കൂൺ. വിറ്റാമിൻ ഡി അസ്ഥികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിന് കാരണമാകും.
- ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ കൂണിന് കഴിവുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാൻ കൂൺ വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.
- പ്രായമാകുമ്പോൾ പലരിലും മസ്തിഷ്ക രോഗങ്ങൾ പിടിപെടാം. അൻപത് വയസ് കഴിഞ്ഞവർ ഭക്ഷണത്തിൽ പരമാവധി കൂൺ വിഭവങ്ങൾ ഉൾക്കൊള്ളിക്കുക.
- പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ കൂണിനെ ചേർക്കാവുന്നതാണ്. കൂണിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പനി, ജലദോഷം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
- ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കൂൺ വിഭവങ്ങൾ ധാരാളം കഴിക്കാവുന്നതാണ്. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നിയാസിൻ, സെലിനിയം തുടങ്ങിയ പോഷകങ്ങളും കൂണിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.