ആഗോളതലത്തിൽ ആവേശം തീർത്ത് ‘ഗില്ലി’ തരംഗം: ദിവസങ്ങൾക്കുള്ളിൽ ചിത്രം നേടിയത് ഞെട്ടിപ്പിക്കുന്ന കളക്ഷൻ

ഗില്ലി റി റിലീസ് ആഘോഷമാക്കി വിജയ് ആരാധകർ. പുതിയ ചിത്രം റിലീസിനെത്തുന്ന സ്വീകാര്യതയോടെയാണ് ഗില്ലി തമിഴ്നാട്ടിലെ തിയറ്ററുകളെ ഇളക്കി മറിച്ചത്. തമിഴ്നാട്ടിൽ മാത്രമല്ല ലോകമൊട്ടാകെ ചിത്രം റി റിലീസ് ചെയ്തിരുന്നു. ഏപ്രിൽ 20ന് റിലീസിനെത്തിയ ചിത്രം 20 കോടിയാണ് ആഗോള കലക്‌ഷനായി നേടിയത്.

ഇലക്‌ഷൻ കാലമായതിനാൽ പുതിയ സിനിമകളൊന്നും റിലീസിനെത്തിയിരുന്നില്ല. തമിഴില്‍ മലയാള സിനിമകളുടെ ഡബ്ബിങ് പതിപ്പാണ് നിറഞ്ഞോടുന്നത്. വലിയ ചിത്രങ്ങള്‍ ഒന്നും വരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് തിയറ്റര്‍ ഉടമകള്‍ റീ റിലീസ് ആരംഭിച്ചത്. സിനിമയ്ക്കു ലഭിച്ച ഗംഭീര വരവേൽപ്പിൽ വിതരണക്കാരും സംവിധായകൻ ധരണിയും വിജയ്‍യെ നേരിട്ടു കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു.

2004ൽ എ.എം. രത്നം നിർമിച്ച് ധരണി സംവിധാനം ചെയ്ത സിനിമയാണ് ഗില്ലി. തൃഷ–വിജയ് ജോഡികളുടെ പ്രകടനവും പ്രകാശ് രാജിന്റെ വില്ലൻ വേഷവുമായിരുന്നു സിനിമയുടെ ആകർഷണം.

തമിഴ്നാട്ടിൽ 320 തിയറ്ററുകളിലാണ് സിനിമ റി റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ 4.25 കോടിയാണ് കലക്‌ഷനായി ലഭിച്ചത്. രണ്ടാം ദിനം 3.9 കോടി. തമിഴ്നാട്ടിൽ നിന്നു മാത്രം 12 കോടി ചിത്രം കലക്‌ട് ചെയ്തു.

Latest News