തിരുവനന്തപുരത്തെ പൊന്മുടിയെക്കുറിച്ച് സഞ്ചാരികൾക്ക് പറഞ്ഞു കൊടുക്കണ്ട. ഏകദേശം എല്ലാ സഞ്ചാരികളും പൊൻമുടിയിൽ എത്തിയിട്ടുണ്ടാകും. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന ഇടമെന്ന് വിശ്വസിക്കപ്പെടുന്ന പൊന്മുടി സഞ്ചാരികൾ തേടിയെത്തുന്ന ഒരിടമാണ്. വളവുകളും തിരിവുകളും വെള്ളച്ചാട്ടങ്ങളും കാടുമെല്ലാം പിന്നിട്ട് ചെന്നെത്തുന്ന പൊന്മുടി എത്ര വിവരിച്ചാലും മതിയാവുകയുമില്ല. പൊന്മുടിയിലേക്കുള്ള പാതയിലാണ് കല്ലാർ സ്ഥിതി ചെയ്യന്നത്.
കല്ലും ആറും
പേരുപോലെ തന്നെ കല്ലും ആറും ചേർന്നാണ് കല്ലാർ ഉണ്ടായിരിക്കുന്നത്. ഈ പ്രദേശത്തുകൂടിയൊഴുകുന്ന കല്ലാർ നദിയിൽ നിന്നുമാണ് നാടിനും അതേ പേരുതന്നെ ലഭിക്കുന്നത്. ഇവിടെയെത്തി ആ സ്ഥലമൊക്കെയൊന്നു കാണുമ്പോൾ മനസ്സിലാവും ഇതല്ലാതെ മറ്റൊരു പേരും നഈ നാടിനു യോജിക്കില്ലയെന്ന്. കാരണം ഉരുണ്ടും പരന്നും കിടക്കുന്ന കല്ലുകളും ഒഴുക്കൻ കല്ലുകളും പിന്നെ പാറക്കൂട്ടങ്ങളുമൊക്കെ ആറിൽ ധാരാളമായി കാണാം
ഏതു തരത്തിലുള്ള യാത്രക്കാരെയും ഒരു പോലെ തൃപ്തിപ്പെടുത്തുവാൻ കല്ലാറിനു കഴിയും. പക്ഷി നിരീക്ഷണമായാലും വെറുതോയൊന്ന് കറങ്ങുവാനിറങ്ങുന്നതാണെങ്കിലും ട്രക്കിങ്ങായാലും കല്ലാർ പൊളിയാണ് എന്നതിൽ ഒരു സംശയവും വേണ്ട. പ്രകൃതിസ്നേഹികൾക്കും ഇവിടം ഇഷ്‌ടമാകും,കേരളത്തിലെ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനുകളിൽ ഉൾപ്പെടുത്തുവാൻ പറ്റിയ സ്ഥലമാണ് കല്ലാർ.
യാത്ര ചെയ്യുവാനും കല്ലാർ കാണുവാനുമായി ഇറങ്ങിയതാണെങ്കിൽ ഒരു ദിവസം കൊണ്ട് സമയമെടുത്ത് കണ്ടു തീർക്കാവുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. കാടും വെള്ളച്ചാട്ടങ്ങളും മാത്രമല്ല, വ്യത്യസ്ഥയിനം പക്ഷികളെ അവയുടെ ആവാസ വ്യവസ്ഥയില്‍ കാണുവാൻ സാധിക്കുമെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ശാന്തതയും നിശബ്ദതയും മാത്രമല്ല, പ്രകൃതിയെ അതിനോട് ചേർന്ന് ആസ്വദിക്കുവാനും കല്ലാർ സഹായിക്കും.
മീൻമുട്ടി വെള്ളച്ചാട്ടം
കല്ലാറിനോട് ചേർന്നു സന്ദര്‍ശിക്കുവാൻ പറ്റിയ ഏറ്റവും പ്രസിദ്ധമായ ഇടമാണ് മീൻമുട്ടി വെള്ളച്ചാട്ടം. കല്ലാർ പാലത്തിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിക്കണം മീൻമുട്ടിയിലെത്തുവാൻ. നെയ്യാർ അണക്കെട്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മീൻമുട്ടി തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റർ ദൂരത്തിലാണുള്ളത്.
കാടിനുള്ളിലെ വെള്ളച്ചാട്ടത്തിന്റെ കാഴ്ച മാത്രമല്ല, രണ്ടു കിലോമീറ്റർ ദൂരം വനത്തിലൂടെ നടന്നുള്ള യാത്രയും മീന്‍മുട്ടി ട്രക്കിങ്ങിന്‍റെ ആകര്‍ഷണങ്ങളാണ്. ഈ വെള്ളച്ചാട്ടത്തിന്‍റെ മുകളിലേക്ക് ട്രക്ക് ചെയ്തു പോകുവാനും സൗകര്യമുണ്ട്. അഗസ്ത്യാർകൂടത്തിലൂടെയാണ് ഇവിടേക്ക് പോകേണ്ടത്.
മീൻമുട്ടിയിലെത്തുമ്പോള്‍ നീരൊഴുക്കുള്ളതിമാൽ വനംവകുപ്പ് അധികൃതരുടെയും ഗൈഡിന്‍റെയും നിർദ്ദേശങ്ങൾ അനുസരിക്കണം. കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം എന്നുമിതിനു പേരുണ്ട്. ഇവിടേക്കുള്ള ട്രക്കിങാണ് കല്ലാർ യാത്രയുടെ മറ്റൊരു ആകർഷണം.
സന്ദര്‍ശിക്കുവാൻ പറ്റിയ സമയം
അധികം ചൂടുമില്ല, അധികെ തണുപ്പുമില്ല. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രസന്നമായ കാലാവസ്ഥ അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും ധൈര്യമായി ഇവിടേക്ക് പോരാം.
കല്ലാറിൽ എത്തുവാന്‍
തിരുവനന്തപുരം സിറ്റി സെന്‍ററിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് കല്ലാർ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ നിന്നും കല്ലാറിലെത്തുവാൻ ഏകദേശം ഒന്നര മണിക്കൂർ സമയം സഞ്ചരിക്കണം. ഏറ്റവുമടുത്തുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും തിരുവനന്തപുരത്ത് തന്നെയാണുള്ളത്.