തൃശ്ശൂർ: ചരിത്രത്തിലാദ്യമായി ത്രികോണ മത്സരം അരങ്ങേറുകയാണ് തൃശ്ശൂരിൽ. മൂന്നു കോണുകളിലേക്കും ഒരുപോലെ തൂങ്ങുന്ന ശക്തമായ ത്രികോണ മത്സരം. കെ.മുരളീധരനോ സുരേഷ് ഗോപിക്കോ വി.എസ് സുനിൽകുമാറിനോ പ്രചാരണത്തിൽ പ്രകടമായ മുൻതൂക്കം ഇല്ല.
അടിയൊഴുക്കുകൾ ഉണ്ടാകുമെന്ന് മുന്നണികളെല്ലാം പ്രതീക്ഷിക്കുമ്പോഴും വോട്ടർമാർ ഒരു സൂചനയും നൽകുന്നില്ല. ഒരുമാസത്തോളം നീണ്ട പ്രചാരണത്തിന് അവസാനവും ആർക്കും വ്യക്തമായി മുന്നേറാനും ആയിട്ടില്ല. വ്യക്തി ബന്ധങ്ങളും ആരാധനയും വോട്ടായി മാറും എന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നുപേർക്കും ഫാൻസ് ഉണ്ട്.
കെ.മുരളീധരന്റെ വരവോടെയാണ് രംഗം കൊഴുത്തതും കോൺഗ്രസ് അരങ്ങ് തിരിച്ചുപിടിച്ചതും. സുരേഷ് ഗോപി ജോലി തുടങ്ങിയിട്ട് വർഷം രണ്ടായി. പകരക്കാരനില്ല എന്ന നിലയിലാണ് വി.എസ് സുനിൽകുമാർ എത്തിയത്. മൂന്നുപേർക്കും വ്യക്തിബന്ധങ്ങൾ ആവോളം ഉള്ള മണ്ഡലമാണിത്. പൂരത്തിലെ പോലീസ് കളിവരെ നീണ്ട പല വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ട്.
ജാതിമത പ്രശ്നങ്ങളും വികാരങ്ങളും ഏറെയുള്ള മണ്ഡലമാണ് തൃശ്ശൂർ. കരി വന്നൂർ പോലെ തിളച്ചുമറിയുന്ന അഴിമതി കഥകളുമുണ്ട്. ഇതിൽ ഏതിനാണ് ശക്തി എന്ന് പറയാൻ ആകില്ല. എല്ലാം കൂടി കുഴഞ്ഞു മറിയുന്ന പുതിയ വികാരത്തിലാണ് വോട്ട് മറിയുക.
സ്ഥിരമായി ഒരാൾക്ക് വോട്ട് ചെയ്ത പാരമ്പര്യം ഇല്ലാത്ത തൃശൂർ മണ്ഡലത്തിൽ ഏതുസമയത്ത് വേണമെങ്കിലും എവിടേക്ക് വേണമെങ്കിലും മറിയാം. എത്രപേർ ബൂത്തിൽ എത്തും എന്നതിനനുസരിച്ചിരിക്കും ഫലം. അനിഷ്ട സംഭവങ്ങളോ മോശം പ്രചാരണമോ ഇല്ലാതെ പ്രചാരണം അവസാനിപ്പിക്കാനായി എന്നത് മൂന്ന് മുന്നണികൾക്കും വലിയ നേട്ടം തന്നെയാണ്.
സിപിഐയെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് ദേശീയതലത്തിൽ അവരുടെ സാന്നിധ്യം നിലനിർത്താനുള്ള പോരാട്ടമാണ്. കോൺഗ്രസിന് ആകട്ടെ സംസ്ഥാന രാഷ്ട്രീയത്തിലെ പലതും തീരുമാനിക്കുന്നത് മുരളി ജയിക്കുമോ തോൽക്കുമോ എന്നതിന്റെ അടിസ്ഥാനത്തിൽ ആകും.
സുരേഷ് ഗോപിയുടെ ജയം ബിജെപിക്ക് ദേശീയതലത്തിൽ നെഞ്ചുയുയർത്തി നിൽക്കാനുള്ള അവസരമാണ് നൽകുക. അതുകൊണ്ടുതന്നെ ആളും ആയുധവും സാമ്പത്തികമെല്ലാം നിറഞ്ഞു കവിഞ്ഞ പ്രചാരണം ആയിരുന്നു തൃശ്ശൂരിൽ. ഒരു ദിവസം കൊണ്ട് വോട്ടർമാരുടെ മനസ്സു മാറില്ലെങ്കിലും ഇന്നുകൂടി മൂന്നുപേരും വോട്ട് ചോദിക്കും