സാധാരണ സിനിമകളിലും കഥകളിലും ഒക്കെയാണ് സീരിയൽ കില്ലർ എന്ന് കേട്ടിട്ടുള്ളത്. കഴിഞ്ഞു പോയ എന്തെങ്കിലും ഒരു കാരണം വച്ച് പിന്നീട് കൊല നടത്തുന്നു. ചിലപ്പോൾ ഭാര്യ ആർക്ക് ഒപ്പമെങ്കിലും ഒളിച്ചോടി പോയാൽ സ്ത്രീകളെ കൊല്ലുന്നു. ചിലർ ആകട്ടെ മരിക്കുമ്പോൾ ഉള്ള മനുഷ്യന്റെ തുടിപ്പ് കാണാൻ വേണ്ടി.. കരച്ചിൽ കേൾക്കാൻ രക്തം കാണാൻ ഇങ്ങനെ പോകുന്നു കാരണങ്ങൾ. ഒരാൾ മരിക്കാൻ ഒരുപാട് സമയം ഒന്നും വേണ്ട.. ആ ശരീരം വിട്ട് ജീവൻ പോകുന്ന സമയം മതി.എന്നാൽ ഒരാളെ കൊല്ലാൻ നല്ല സമയം വേണം ക്ഷമ വേണം.. മനക്കട്ടി വേണം.. എല്ലാത്തിനും ഉപരി ധൈര്യവും തക്കതായ കാരണവും വേണം..ബലമായി പാൽ കുടിപ്പിച്ചും ഇൻസുലിൻ കുത്തിവച്ചും കുഞ്ഞുങ്ങളെ കൊല്ലുമ്പോൾ ഞാൻ സ്വയം ദൈവമായി മാറി….ഇത് ഒരു കൊലപാതകി പറഞ്ഞ വാചകങ്ങൾ ആണ്. കുട്ടികളെ കൊല്ലുന്ന സീരിയൽ കില്ലർ.
ആരാണ് ലൂസി ലെറ്റ്‌ബി എന്തിനാണവർ ഭൂമിയിലേക്ക് പിറന്ന് വീണ കുഞ്ഞുങ്ങളെ കൊന്നത്.പിഞ്ചുകുഞ്ഞുങ്ങൾ എന്താണ് അവരോട് ചെയ്തത്…
യുകെയിൽ ജീവിതാവസാനം വരെ തടവിനു വിധിക്കപ്പെട്ട നാലാമത്തെ വനിതയാണ് ലൂസി.
2015-16 കാലയളവിലാണ് 33കാരിയായ ലൂസി കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ നഴ്സ് ആയിരുന്നു. ഏഴ് കുട്ടികളെയാണ് ലൂസി ദാരുണമായി കൊലപ്പെടുത്തിയത്. അഞ്ച് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് കൊല്ലപ്പെട്ടത്. ഇൻസുലിൻ കുത്തിവെച്ചും അമിതമായി പാലു കുടിപ്പിച്ചും ഞരമ്പിൽ വായു കുത്തിവെച്ചുമൊക്കെയാണ് ഇവർ കുട്ടികളെ കൊലപ്പെടുത്തിയിരുന്നത്. 6 കുട്ടികളെ കൊലപ്പെടുത്താൻ ശ്രമവും നടത്തിയിരുന്നു. ചെസ്റ്റർ ആശുപത്രിയിലെ നിയോനെറ്റോളജി വിഭാഗത്തിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. ആശുപത്രിയിൽ നവജാത ശിശുക്കളുടെ സംരക്ഷണ ചുമതലയായിരുന്നു നഴ്സ് ലൂസിക്ക്. മാസം തികയുന്നതിന് മുമ്പ് പ്രസവിച്ച കുഞ്ഞുങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ കാരണം നിയോനെറ്റോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞുങ്ങളുമാണ് ഇവരുടെ ക്രൂരതയ്ക്കിരയായത്.
നഴ്സ് തന്നെ എഴുതിയ കുറിപ്പാണ് കേസിൽ നിർണായകമായത്. ഞാനൊരു പിശാചാണ്. എനിക്ക് കുട്ടികളെ നോക്കാനാകില്ല – എന്നാണ് ഇവർ എഴുതിവെച്ചത്. ഇന്ത്യൻ വംശജനായ ഡോക്ടർ ഡോ. രവി ജയറാമാണ് ലൂസിയെപ്പറ്റി ആദ്യം സംശയമുന്നയിക്കുന്നത്. ലൂസിയുടെ സംരക്ഷണയിലുള്ള കുട്ടികൾ തുടരെ മരിക്കുന്നതിനെ തുടർന്നാണ് ഡോക്ടർക്ക് സംശയമുണ്ടായത്.ലെറ്റ്ബിയെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ ശ്രദ്ധിക്കുകയും പോലീസിനെ ഉടൻ അറിയിക്കുകയും ചെയ്തിരുന്നെങ്കിൽ ആ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോ. രവി ജയറാം പറഞ്ഞു. കുഞ്ഞുങ്ങളുടെ ഓക്സിജന്റെ അളവ് കുറയുമ്പോൾ ലൂസി ലെറ്റ്ബി ഒന്നും ചെയ്തിരുന്നില്ലെന്നും ഡോക്ടർ റിപ്പോർട്ട് ചെയ്തിരുന്നു.
കുട്ടികളെ പരിചരിക്കുന്നതിൽ വിദഗ്ധയായിരുന്നു ലൂസി. ഈ വൈദഗ്ധ്യം മുതലെടുത്താണ് ഡോക്ടർമാരുടെയും മാതാപിതാക്കളുടെയും വിശ്വാസം നേടിയെടുത്തതും കൊലപാതകങ്ങൾ തുടരെ നടത്തിയതും. ഇവർ കൂടുതൽ കുട്ടികളെ കൊലപ്പെടുത്തിയതായി സംശയമുണ്ട്. ഇവർ മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രികളിലാണ് അന്വേഷണം നടത്തുന്നത്. കില്ലര്‍ നഴ്‌സ് ലൂസി ലെറ്റ്ബിയെ പിടികൂടാൻ സഹായിച്ചത് ഇന്ത്യൻ വംശജനായ ഡോക്ടർ. ചെസ്റ്ററിലെ കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്സായിരുന്ന ലൂസി ലെറ്റ്ബിയുടെ പ്രവൃത്തിയെക്കുറിച്ചുള്ള ആശങ്കകൾ ഡോ. രവി ജയറാം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം അവഗണിച്ചുവെന്നും പോലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നുമാണ് ആരോപണം.
ചെസ്റ്റർ ആശുപത്രിയിൽ ജോലിയ്ക്കു വരുന്നതിന് മുമ്പ് ഇവർ ജോലി ചെയ്തിരുന്ന മറ്റ് ആശുപത്രികളിലും അന്വേഷണം നടത്തിയിരുന്നു.ലൂസി ലെറ്റ്ബിയുടെ കേസുകളെ കുറിച്ചുള്ള അന്വേഷണത്തിനായി ‘ഓപ്പറേഷൻ ഹമ്മിങ് ബേഡ്’ എന്ന പേരിലൊരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. 70 ഡിറ്റക്ടീവുകളാണ് സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 2012 നും 2016 നും ഇടയിൽ ലൂസി ജോലി ചെയ്തിരുന്ന ആശുപത്രികളിൽ ജനിച്ച 4,000-ത്തിലധികം ശിശുക്കളുടെ രേഖകൾ പോലീസ് പരിശോധിച്ച് വരികയാണ്. കുഞ്ഞുങ്ങളുടെ മരണത്തിൽ ദുരൂഹത തോന്നുന്ന മാതാപിതാക്കൾക്ക് ബന്ധപ്പെടാനായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും ഓപ്പറേഷൻ ഹമ്മിങ് ബേഡ് ആരംഭിച്ചിട്ടുണ്ട്. പിന്നീട് സംശയാസ്പദമായ ചില സംഭവങ്ങൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
ബലമായി പാൽ കുടിപ്പിച്ചും ഇൻസുലിൻ കുത്തിവച്ചും ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ലൂസി ലെറ്റ്ബി എന്ന ബ്രിട്ടിഷ് നഴ്സിന്, കൊലപാതകം ചെയ്യുമ്പോൾ അവർ സ്വയം ദൈവമായി മാറുന്നുവെന്നാണ് തോന്നിയിരുന്നത്.കുട്ടികളെ മരിക്കുന്ന അവസ്ഥയിൽ എത്തിച്ച ശേഷം ലൂസിതന്നെയാണ് ആദ്യം മറ്റുള്ളവരെ അറിയിച്ചിരുന്നതും. പിന്നീടുള്ള മെഡിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കുട്ടികൾ മരിച്ചെന്ന് ഉറപ്പു വരുത്തുമ്പോൾ, താൻ എല്ലാം നിയന്ത്രിക്കുന്നതിൽ സന്തോഷം അനുഭവിച്ചിരുന്നുവെന്നും ലൂസി കോടതിയിൽ സമ്മതിച്ചു.
അടുത്ത കാലത്ത് ബ്രിട്ടനിൽ നടന്ന ഏറ്റവും ദൈർഘ്യമേറിയ വിചാരണയായിരുന്നു ലൂസി ലെറ്റ്ബിയുടേത്. 20 ദിവസങ്ങളിലായി 100 മണിക്കൂറിലധികം സമയമെടുത്താണ് കോടതി വിധി പുറപ്പെടുവിച്ചത്. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് ലൂസി ലെറ്റ്ബിക്ക് ആജീവനാന്തം തടവ് വിധിച്ചത്. ജസ്റ്റിസ് ജെയിംസ് ഗോസ്സാണ് ശിക്ഷ പ്രഖ്യാപിച്ചതും.
എന്നാൽ ശിക്ഷ വിധിക്കുന്നത് കേൾക്കാൻ ലൂസി അന്ന് കോടതിയിൽ ഹാജരായിരുന്നില്ല. യുകെയിൽ ജീവിതകാലം മുഴുവൻ ശിക്ഷ അനുഭവിക്കാൻ പോകുന്ന മൂന്നാമത്തെ വനിതയാണ് ലൂസി. 1970 കളിലും 1980 കളിലും ഒമ്പത് യുവതികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത റോസ്മേരി വെസ്റ്റ് ആണ് പരമാവധി ജയിൽ ശിക്ഷ അനുഭവിക്കുന്ന മറ്റൊരു സ്ത്രീ. ഇപ്പോൾ 69 വയസ്സുള്ള വെസ്റ്റ്, ഒക്‌ടോബർ മുതൽ ലെറ്റ്ബിയെ പാർപ്പിച്ചിരിക്കുന്ന വെസ്റ്റ് യോർക്ക്ഷെയറിലെ എച്ച്എംപി ന്യൂ ഹാളിൽ ശിക്ഷ അനുഭവിക്കുകയാണ്.