‘എടാ മോനെ, ഇത് പൊളിച്ചു’: കേരളത്തിൽ ഞെട്ടിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി രംഗണ്ണനും പിള്ളേരും

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിയേറ്ററുകളിൽ രംഗണ്ണന്റെ ആറാട്ടാണ് നടക്കുന്നത്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സിനിമ കാണാൻ തിയറ്ററുകളിലേക്ക് എത്തുന്നത്. ആ ആവേശം കേരളാ ബോക്സോഫീസിലും പുത്തൻ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 50 കോടി രൂപയില്‍ അധികം ചിത്രം നേടിയിരിക്കുകയാണ്.

ആഗോളതലത്തില്‍ ആവേശം അഞ്ചു ദിവസം കൊണ്ടാണ് 100 കോടി ക്ലബില്‍ ഇടം നേടിയത്. ഫഹദിന്റെ എക്കാലത്തെയും വൻ ഹിറ്റായി മാറിയിരിക്കുകയാണ് സിനിമ. ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്.

ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്. മേക്കിങ്ങിൽ ഗംഭീരമാക്കിയ സിനിമയുടെ കാതൽ സുഷിൻ ശ്യാമിന്റെ സംഗീതമാണ്. ചിത്രത്തിലെ പാട്ടിന് തന്നെ ആരാധകരേറെയാണ്. ആവേശം വീണ്ടും തിയേറ്ററിൽ കാണാൻ പോകുന്നത് സുഷിന്റെ പാട്ടിന് ചുവട് വെയ്ക്കാനാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്. നിര്‍മാണത്തില്‍ നസ്രിയയും പങ്കാളിയാണ്. സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

Latest News