നടി രമ്യ നമ്പീശന്റെ സഹോദരനും സംഗീതസംവിധായകനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു. ഡെബി സൂസൻ ചെമ്പകശേരിയാണ് വധു. ഇരുവരുടയും വിവാഹനിശ്ചയം കഴിഞ്ഞു. ഇക്കാര്യം രാഹുൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങൾ രാഹുൽ സ്നേഹിതർക്കായി പങ്കുവച്ചിട്ടുണ്ട്.
രാഹുലിനും ഡെബിക്കും പുതിയ തുടക്കത്തിന്റെ മംഗളങ്ങൾ നേർന്ന് നിരവധി പേരാണു രംഗത്തെത്തുന്നത്. സകുടുബം രമ്യ നമ്പീശനെ കണ്ടതിന്റെ സന്തോഷവും ആരാധകർ പ്രകടമാക്കി. 10 വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഡെബിയും രാഹുലും ഒന്നിക്കുന്നത്. എറണാകുളത്തെ ഫ്ലോറ എയർപോർട്ട് ഹോട്ടൽ ആൻഡ‍് കൺവെൻഷൻ സെന്ററിൽ വച്ചു നടന്ന വിവാഹനിശ്ചയ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ജൂൺ 12നാണ് വിവാഹം.
മലയാളസിനിമയിലെ യുവസംഗീതസംവിധായകരിൽ ഒരാളാണ് രാഹുൽ സുബ്രഹ്മണ്യൻ. 2013ൽ പുറത്തിറങ്ങിയ ‘മങ്കിപെൻ’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് രാഹുൽ ചലച്ചിത്രസംഗീതമേഖലയിലേക്കു ചുവടു വയ്ക്കുന്നത്. പിന്നീട് ‘ജോ ആൻഡ് ദ് ബോയ്’, ‘സെയ്ഫ്’, ‘മേപ്പടിയാൻ’, ‘ഹോം’ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഈണമൊരുക്കി.