കണ്ണൂര്‍: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി. കണ്ണൂരിൽ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം വിശ്വനാഥനാണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വെള്ളിയാഴ്ച നിടുമ്പ്രത്ത് കിണർ പണിക്കിടെയാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്.
ഉച്ചയോടെ കിണറ്റിൽ നിന്ന് മണ്ണ് വലിച്ച് കയറ്റുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തളർന്നു വീഴുകയായിരുന്നു. ഉടൻ പള്ളൂർ ഗവ. ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് വിശ്വനാഥന്റെ മരണം.
പാലക്കാടും സൂര്യാഘാതമേറ്റ് ഒരു മരണമുണ്ടായി. പാലക്കാട് എലപ്പിള്ളി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലക്ഷ്മിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൂര്യാഘാതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.
പാലക്കാട് ജില്ല വെന്തുരുകുകയാണ്. ജില്ലയിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ആളുകളോട് ജാഗ്രത പാലിക്കണമെന്ന നിർദേശം വന്ന പശ്ചാത്തലത്തിലാണ് 90 വയസുള്ള ലക്ഷ്മി അമ്മയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ജില്ലയിൽ അതീവ ചൂട് തുടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്നുള്ള നിർദ്ദേശം ഇതിനോടകം തന്നെ ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും പുറപ്പെടുവിച്ചിട്ടുണ്ട്. ഏതാനും ദിവസം കൂടി ജില്ലയിൽ സമാനമായ സാഹചര്യങ്ങൾ തുടരുമെന്നാണ് ഈ കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്.