36-ാം വിവാഹവാർഷികം ആഘോഷിച്ച് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. മകൻ പ്രണവിനും അടുത്ത ബന്ധുക്കൾക്കുമൊപ്പം ചെറിയൊരു ആഘോഷം വീട്ടിൽ സംഘടിപ്പിച്ചു. വിവാഹ വാർഷികദിനത്തിൽ സുചിത്രയ്ക്ക് ആശംസ നേർന്ന് മോഹൻലാൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘‘ഹാപ്പി ആനിവേഴ്സറി, എന്റെ പ്രണയമേ! സ്നേഹവും സന്തോഷവും നിറഞ്ഞ ഒരുപാട് വർഷങ്ങൾക്കായി ആശംസകൾ”. സുചിത്രയ്ക്ക് ഒരു പിടി പൂക്കൾ സമ്മാനിക്കുന്ന ചിത്രം പങ്കുവെച്ചാണ് മോഹൻലാൽ ഈ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
കഴിഞ്ഞ വർഷം ജപ്പാനിൽ വച്ചാണ് താരം 35ാം വിവാഹവാർഷികം ആഘോഷിച്ചത്. ‘ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന അടിക്കുറിപ്പോടെയാണ് ഭാര്യ സുചിത്രയ്ക്കു വിവാഹ വാര്‍ഷിക കേക്ക് പങ്കുവയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ അന്ന് പങ്കുവച്ചിരുന്നു.
1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാകുടുംബത്തിൽ നിന്നുള്ളയാളാണ് സുചിത്ര. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു.
വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപെ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നു എന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു. “സുചിയ്‌ക്ക് മോഹൻലാൽ എന്നാൽ ഭ്രാന്തായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ആരാധനയായിരുന്നു. ഇരുവരും പരസ്പരം കത്തുകളെഴുതിയിരുന്നു. എന്നാല്‍ ഇതൊന്നും ആരു അറിഞ്ഞിരുന്നില്ല. സുചി ഇതൊക്കെ ഭയങ്കര സീക്രട്ടായി കൊണ്ട് നടന്നു. പിന്നെ അവളുടെ ഇഷ്ടം മനസിലായപ്പോള്‍ എന്റയൊരു അമ്മായിയാണ് ലാലിന്റെ കുടുംബത്തില്‍ പോയി സംസാരിച്ച് കല്യാണത്തിലേക്കെത്തിച്ചത്. വിവാഹം അറേഞ്ച്ഡ് ആയിരുന്നു,” മോഹൻലാൽ- സുചിത്ര വിവാഹത്തെ കുറിച്ച് നിർമാതാവ് കൂടിയായ സുരേഷ് ബാലാജി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.
നിര്‍ത്തിവച്ച സിനിമാ ജീവിതം വീണ്ടും ആരംഭിച്ചതിന് കാരണക്കാരന്‍ മോഹന്‍ലാലാണെന്നും സുരേഷ് ബാലാജി പറയുന്നു. എന്നാല്‍ സുചിത്രയെ വിവാഹം ചെയ്ത് ലാല്‍ കുടുംബത്തിലേക്ക് വന്നതോടെ വീണ്ടും നിര്‍മ്മാണം ആരംഭിച്ചു. മോഹന്‍ലാല്‍, ശോഭന, അമല എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ‘ഉളളടക്കം’ എന്ന ചിത്രത്തിലൂടെയാണ് സിതാര കമ്പയിന്‍സ് എന്ന പേരില്‍ സുരേഷ് ബാലാജി വീണ്ടും നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്നത്.