പോയ ഇടങ്ങളിലേക്ക് വീണ്ടും ചെന്നെത്തുകയെന്നത് പലപ്പോഴും നമ്മളെ ബോറടിപ്പിക്കും. യാത്രയ്‌ക്കൊരുങ്ങുമ്പോൾ പലവട്ടം സ്ഥലങ്ങളിലെ പ്രത്യകതയും, എവിടെയൊക്കെ പോകണമെന്ന് തപ്പി നോക്കുന്നവരാണോ നമ്മൾ. അവിടെയെന്താകും നമ്മളെ കാത്തിരിക്കുന്നത്? എന്ന ചോദ്യമാണ് ഓരോ വട്ടവും നമ്മളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
ഈ സ്ഥലത്തു നിങ്ങളെ കാത്തിരിക്കുന്നത് ഉച്ചയ്ക്ക് ഉദിക്കുന്ന സൂര്യനും, മഞ്ഞും, കാടും മലകളുമാണ്. ഊട്ടിക്കടുത്തെ കിണ്ണക്കോര പലർക്കും അറിയാവുന്ന സ്ഥലമായിരിക്കും
ഊട്ടി യാത്രയിൽ ഏറ്റവുമാദ്യം ശ്രദ്ധിക്കേണ്ടത് കണ്ടതും തിരക്കുള്ളതുമായ ഇടങ്ങൾ ഒഴിവാക്കുവാനാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ സ്ഥിരം ഇടങ്ങളെല്ലാം പട്ടികയില്‍ നിന്നും ഒഴിവാകുകയും ചെയ്യും. ഇനി ഒഴിവാക്കുവാൻ താല്പര്യമില്ലെങ്കിൽ യാത്രയുടെ ഏറ്റവും അവസാനം കാണേണ്ട ഇടങ്ങളുടെ പട്ടികയിലേക്ക് ഈ സ്ഥലങ്ങളെ മാറ്റിവയ്ക്കുകയും ചെയ്യാം. ചില സീസണിൽ മൂന്നാറിനെ വെല്ലുന്ന സൗന്ദര്യമാണ് ഊട്ടിക്കുള്ളത്. പക്ഷേ, അതറിയണെമങ്കിൽ കൃത്യമായ ഇടങ്ങൾ സന്ദർശിക്കുക തന്നെ വേണം.
കിണ്ണക്കോര
ഊട്ടിയിലെത്തിയാൽ ഏറ്റവും വ്യത്യസ്തമായ കാഴ്ചകൾ തരുന്ന ഇടമാണ് കിണ്ണക്കോര വ്യൂ പോയിന്‍റ് . ഊട്ടിയിൽ നിന്ന് 52 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന കിണ്ണക്കോര തമിഴ്നാട് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. നട്ടുച്ചയ്ക്ക് സൂര്യനുദിക്കുന്ന ഇടം എന്നു സഞ്ചാരികൾ വിശേഷിപ്പിക്കുന്ന കിണ്ണക്കോര വളരെ വ്യത്യസ്തമായ ഒരു യാത്രാനുഭവം പ്രദാനം ചെയ്യുന്ന ഇടമാണ്. റോഡുകൾ അവസാനിച്ച് വനപാതയും ഒറ്റയടിപ്പാതകളും മാത്രമുള്ള കിണ്ണക്കോര നട്ടുച്ചയിലും കോടമഞ്ഞ് പൊതിയുന്ന ഇടമാണ്.
മറ്റെന്തൊക്കെ കാണാം?
പ്രകൃതിഭംഗിതന്നെയാണ് ഇവിടുത്തെ പ്പധാന ആകർഷണം. പറയത്തക്ക വികസനം എത്തിയിട്ടില്ലാത്ത ഇവിടെ തനി നാടൻ കാഴ്ചകളും ഗ്രാമീണ ജീവിതവുമാണ് നിങ്ങളെ കാത്തിരിക്കുന്നത്. മെയിൻ റോഡിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് വ്യൂ പോയിന്‍റുള്ളത്. ഇവിടെയെത്തേണ്ടത് എസ്റ്റേറ്റ് വഴികളിലൂടെയാണ്. പ്രതീക്ഷകളൊന്നും വയ്ക്കാതെ പോയാൽ ഒട്ടും നിരാശപ്പെടുത്താത സ്ഥലം കൂടിയാണ് കിണ്ണക്കോരെ.
അവലാഞ്ചെ തടാകം
ഊട്ടിയിലെ ഏറ്റവും ഓഫ്ബീറ്റ് ഇടങ്ങളിലൊന്നും വളരെക്കുറച്ച് സഞ്ചാരികൾ എത്തിച്ചേരുന്നതുമായ സ്ഥലങ്ങളിലൊന്നാണ് അവലാഞ്ചെ തടാകം. ഊട്ടി യാത്രയിൽ വ്യത്യസ്ത ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഒരിക്കലും ഇവിടം ഒഴിവാക്കരുത്. ഊട്ടിയിലെ ഏറ്റവും ഭംഗിയാർന്ന അവലാഞ്ചെ തടാകം ഊട്ടിയിൽ നിന്നും 28 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പച്ചപ്പിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ തടാകക്കാഴ്ച കാണേണ്ടത് പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരമോ ആണ്.
തടാകത്തിനു കുറുകെ നടത്തുന്ന റാഫ്ടിങ്, തടാകതീരത്തെ ക്യാംപിങ്, മീൻപിടുത്തം തുടങ്ങിയവയാണ് ഇവിടെ ആസ്വദിക്കുവാനുള്ള കാര്യങ്ങൾ. അല്പം സാഹസികത മുന്നിൽക്കണ്ടു മാത്രം മതി ഇവിടേക്കുള്ള യാത്ര. ഊട്ടി യാത്രയിൽ ഒരു ദിവസം പൂർണ്ണമായും മാറ്റിവെച്ചാൽ മാത്രമേ ക്യാംപിങ് അടക്കമുള്ള കാര്യങ്ങൾക്ക് ഇവിടെ സമയം ചിലവഴിക്കുവാൻ സാധിക്കൂ എന്ന് ഓര്‍മ്മിക്കണം.
അവലാഞ്ചെ ജംഗിൾ സഫാരി
അവലാഞ്ചെയിലെ കാടിനുള്ളിലെ ലോകം അനുഭവിക്കുവാനുള്ള വഴിയാണ് ഇവിടുത്തെ ജംഗിൾ സഫാരി. സഫാരി നടത്തുവാന്‍ ആഗ്രഹമുണ്ടെങ്കിൽ അത് കണക്കാക്കി യാത്ര പ്ലാൻ ചെയ്യാം. ഉൾക്കാട്ടിലൂടെ നടത്തുന്ന യാത്രയിൽ ഏകദേശം രണ്ടു മണിക്കൂർ സമയം കാട്ടിൽ ചിലവഴിക്കാം. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് സഫാരി നടത്തുന്നത്.
കുന്ദ വെള്ളച്ചാട്ടവും അണക്കെട്ടും
അവലാഞ്ചെയിലെത്തിയാൽ ഇവിടെ നിന്നും പോകുവാൻ സാധിക്കുന്ന ഇടമാണ് കുന്ദ വെള്ളച്ചാട്ടവും അണക്കെട്ടും. അവലാഞ്ചെയിൽ നിന്നും വെറും 12 കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. ഊട്ടിയിൽ നിന്നു വരുമ്പോൾ 30 കിലോമീറ്റർ ദൂരമുണ്ട്. വേനൽക്കാല ഊട്ടി യാത്രയിൽ ഇവിടം സന്ദർശിച്ചില്ലെങ്കിലും മഴക്കാലത്ത് കുന്ദ വെള്ളച്ചാട്ടത്തിന്റെ കാഴ്ച ഒരിക്കലും ഒഴിവാക്കരുത്.
എമറാൾഡ് തടാകം
ഊട്ടിയിൽ നിന്ന് 19 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തടാകമാണ് എമറാൾഡ് തടാകം. ഒരു ദിവസം മുഴുവനും ചിലവഴിക്കുവാൻ വേണ്ടതെല്ലാം എമറാൾഡ് തടാകത്തിനും പരിസരത്തുമായുണ്ട്. അവലാഞ്ചെയിലേക്കുള്ള വഴിയിലാണ് എമറാൾഡ് തടാകം ഉള്ളത് എന്നതിനാൽ അങ്ങനെയും പ്ലാൻ ചെയ്യാം.
സൂര്യോദയമോ സൂര്യാസ്തമയമോ കാണുവാൻ കഴിയുന്ന വിധത്തില്‍ വേണം ഇവിടേക്കുള്ള യാത്ര പ്ലാൻ ചെയ്യുവാൻ. നീലഗിരിയിലെ മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും മാസ്മരികമായ ഭംഗി ഇവിടെ ആസ്വദിക്കാം. എമറാൾഡ് തടാകത്തോട് ചേർന്നുള്ള അണക്കെട്ടും ഇവിടെ കാണാം. ഊട്ടിയിലെ ഒരു പകൽ ചിലവഴിക്കുവാൻ പറ്റിയ ഇടമാണിത്.