രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,655 രൂപയിലും പവന് 53,240 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,685 രൂപയിലും പവന് 53,480 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ സർവകാല ഉയരത്തിലെത്തിയത് ഏപ്രിൽ 19 നാണ്. ഗ്രാമിന് 6815 രൂപയിലും പവന് 54520 രൂപയിലുമാണ് അന്ന് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രിൽ 2ന് രേഖപ്പെടുത്തിയ ഗ്രാമിന് 6335 രൂപയും പവന് 50680 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റവും, വാർ പ്രീമിയം നഷ്ടമായതും കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിന് രണ്ടര ശതമാനം തിരുത്തൽ നൽകി.
വെള്ളിയാഴ്ച 2345 ഡോളറിന് മുകളിൽ ക്ലോസ് ചെയ്ത രാജ്യാന്തര സ്വർണവിലക്ക് അമേരിക്കൻ ബോണ്ട് യീൽഡിന്റെ ചാഞ്ചാട്ടങ്ങളും, ഫെഡ് തീരുമാനങ്ങളും, ഫെഡ് ചെയർമാന്റെ പ്രസ്താവനകളും നിർണായകമാണ്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 88 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം തുടരുന്നത്.