മനുഷ്യശരീരത്തിലെ പ്രധാന വിസര്‍ജ്ജനാവയവങ്ങളായ വൃക്കകള്‍ (kidneys) ഉദരത്തിനകത്ത് നട്ടെല്ലിന്‍റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്നു. ഏകദേശം 11cm x 6cm x 3cm വലിപ്പമുള്ള ഈ ജോഡി അവയവങ്ങളുടെ പ്രവര്‍ത്തനം മനുഷ്യജീവന്‍ നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമാണ്. 300 ഗ്രാം മാത്രം ഭാരമുള്ള വൃക്കകളിലൂടെയാണ് ഹൃദയം പുറത്തേക്ക് തള്ളുന്ന രക്തത്തിന്‍റെ 20 ശതമാനവും പോകുന്നത്.
നമ്മുടെ ശരീരത്തിലുണ്ടാകുന്ന വിസര്‍ജ്ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന ധര്‍മം. ശരീരത്തിലെ ജലാംശത്തിന്‍റെയും, ലവണങ്ങളുടെയും സംതുലനം, രക്തസമ്മര്‍ദനിയന്ത്രണം, രക്തത്തിലെ ചുവന്ന രക്താണുക്കളുടെ (Red blood cells) ഉത്പാദനക്രമീകരണം, അസ്ഥികളുടെ രൂപീകരണത്തിനാവശ്യമായ ജീവകം ഡി സജീവമായ രൂപത്തിലാക്കല്‍ എന്നിവയും വൃക്കകളുടെ പ്രവര്‍ത്തനങ്ങളാണ്.
ആധുനിക യുഗത്തിലെ ജീവിത സൗകര്യങ്ങള്‍ അംഗീകരിച്ച മനുഷ്യര്‍ പല ജീവിത ശൈലീരോഗങ്ങള്‍ക്കും അടിമപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ രോഗാവസ്ഥയുള്ളവരുടെ എണ്ണം കൊല്ലം തോറും കൂടി വരുന്നു. അമിതവണ്ണം, പ്രമേഹം, രക്താദിസമ്മര്‍ദം എന്നീ രോഗങ്ങള്‍ ഉള്ളവരില്‍ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കസ്തംഭനം എന്നിവയുണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
എന്തൊക്കെ ശ്രദ്ധിക്കാം?
വ്യായാമം
വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാല്‍ വ്യായാമം ചെയ്യുന്നത് പതിവാക്കുക.
ശരീരഭാരം
അമിത ഭാരമുള്ളവര്‍ക്ക് വൃക്കകളുടെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കുക.
സസ്യാഹാരങ്ങള്‍
സസ്യാഹാരങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക.
ഉപ്പ്, പഞ്ചസാര
ഭക്ഷണത്തില്‍ ഉപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക. ഒപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും നിയന്ത്രിക്കാനും ശ്രമിക്കുക.
വെള്ളം
വെള്ളം കുടിക്കുന്നത് കിഡ്‌നി സ്റ്റോൺ വരാനുള്ള സാധ്യതയെ കുറയ്ക്കും. അതിനാല്‍ ധാരാളം വെള്ളം കുടിക്കാം. ആരോഗ്യമുള്ള ഒരാൾ ഒരു ദിവസം 8 മുതല്‍ 10 ഗ്ലാസ് വെള്ളം കുടിക്കുക.
പുകവലി
പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക.
മദ്യപാനം
മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.