ഫോൺ ചാർജ് ചെയ്യുമ്പോൾ അമിതമായി ചൂടാകുന്നുണ്ടോ?

ഫോൺ ചാർജ് ചെയ്യുമ്പോൾ പലരും നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മിക്കവരുടെയും പരാതി ഫോണ്‍ ചാര്‍ജിങ് മന്ദഗതിയിലായിരിക്കുന്നു എന്നതാണ്. ചിലര്‍ക്ക് ചാര്‍ജ് ചെയ്യല്‍ ഇടയ്ക്കുവച്ചു മുറിയുന്നു. മറ്റു ചിലര്‍ക്ക് ഫോണിന്റെ പ്രവര്‍ത്തനം തന്നെ മന്ദീഭവിച്ചു. ചിലര്‍ക്ക് വെറുതെ ബ്രൗസിങ് നടത്തുമ്പോള്‍ പോലും ഫോണ്‍ ചൂടാകുന്നതെന്ത് എന്ന് മനസിലാകുന്നില്ല. പ്രകൃതിയില്‍ ഇത്രയധികം ചൂട് ഉണ്ടായിരിക്കുന്ന സമയത്ത് നിങ്ങളുടെ വിലയേറിയ ഉപകരണങ്ങളുടെ സംരക്ഷണത്തിന് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

ചൂടും തണുപ്പും അധികമായാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അടക്കമുള്ളവയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ വരാം. സന്തുലിത കാലാവസ്ഥയുള്ളപ്പോള്‍ വെബ് ബ്രൗസിങ് പോലെയുള്ള ലളിതമായ കാര്യങ്ങള്‍ നടത്തുമ്പോള്‍ ഫോണിനും ഒട്ടും ആയാസപ്പെടേണ്ടതായി വരുന്നില്ല. പ്രകൃതിയിലുള്ള ചൂട് ഉപകരണങ്ങളെയും ബാധിക്കുന്നു. ഏതാനും ചില ഗെയിമിങ് ഫോണുകള്‍ക്കൊഴികെ മിക്ക ഫോണുകള്‍ക്കും ചൂട് പുറംതള്ളാനുള്ള വെന്റിലേഷനോ മറ്റ് സംവിധാനങ്ങളോ ഇല്ല.

മിക്ക ഉപകരണങ്ങളുടെയും ഡിസ്‌പ്ലെയുടെ വലുപ്പവും ബ്രൈറ്റ്‌നസും കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് നല്ല ഒരു കാര്യമാണെങ്കിലും ചൂടുകാലത്ത് ഉപകരണങ്ങള്‍ ചൂടാകാനും കാരണമാകും. ഡിസ്‌പ്ലെ ബ്രൈറ്റ്‌നസ് കുറച്ച് ചൂടാകല്‍ കുറയുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക. എന്തായാലും, ഒരിക്കല്‍ ചൂടായാല്‍ അത് വീണ്ടും തണുത്തു വരാന്‍ അല്‍പം സമയമെടുക്കും.

നേരിട്ട് സൂര്യപ്രകാശം സ്‌ക്രീനില്‍ അടിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ദീര്‍ഘനേരം ഉപയോഗിക്കാതിരിക്കുക. മിക്ക ഫോണ്‍ സ്‌ക്രീനുകളും തെളിമ നല്‍കാനായി സ്വയം ക്രമീകരിക്കുകയും അത് ചൂടാകലില്‍ കലാശിക്കുകയു ചെയ്യും. ഫോണ്‍ ചൂടായി കഴിഞ്ഞാല്‍ അതിന്റെ പ്രകടനത്തെയും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ സമയത്ത് ഗെയിമുകള്‍ കളിക്കാന്‍ ശ്രമിക്കുന്നതും ഫോണുകളെ പ്രതികൂലമായി ബാധിക്കാം.

ഫോണ്‍ ചാര്‍ജിങ് ഇടയ്ക്കുവച്ച് മുറിയുന്നത് ചൂടുമൂലം ഉണ്ടായേക്കാവുന്ന തകരാര്‍ ഒഴിവാക്കാനായാണത്രെ. മിക്ക ഫോണുകളും ഈ കാലത്ത് ഫാസ്റ്റ് ചാര്‍ജിങ് രീതികള്‍ പ്രയോജനപ്പെടുത്തുന്നുണ്ടല്ലോ. എന്നുപറഞ്ഞാൽ ധാരാളം വൈദ്യുതി ഒറ്റയടിക്ക് ഫോണ്‍ ബാറ്ററിയിലേക്ക് കടത്തിവിടാന്‍ ശ്രമിക്കുന്നു. ഈ സമയത്ത് ഫോണ്‍ ചൂടാകുന്നു.

മിക്ക ഫോണുകളിലും ചൂട് അറിയാനുള്ള സെന്‍സറുകള്‍ ഉണ്ട്. ഇവ സന്ദര്‍ഭോചിതമായി ഉണര്‍ന്നു പ്രവര്‍ത്തിച്ചാണ് ഫോണിലേക്കുള്ള വൈദ്യുത പ്രവാഹം കട്ട് ആക്കുന്നത്. ചിലപ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ ചാര്‍ജിങ് സ്പീഡ് കുറയ്ക്കുകയാകാം ചെയ്യുന്നത്. ഫോണില്‍ നിന്ന് ചൂട് വലിഞ്ഞുപോയിരിക്കുന്ന സമയത്താണെങ്കില്‍ ക്വിക് ചാര്‍ജിങും മറ്റും പ്രതീക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായും കാണാം.

ചാര്‍ജിങ് നടക്കുന്നില്ല എന്നാല്‍ ഫോണ്‍ ചാര്‍ജ് ചെയ്‌തേ മതിയാകൂ എന്ന ഒരു സാഹചര്യമുണ്ടെങ്കില്‍ എന്തു ചെയ്യാം? ഫോണില്‍ കേസ് ഇട്ടിട്ടുണ്ടെങ്കില്‍ അത് ഊരിവച്ച് അല്‍പം തണുത്ത ശേഷം ചാര്‍ജ് ചെയ്ത് നോക്കുക. വയര്‍ലെസ് ചാര്‍ജര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനു പകരം വയേഡ് ചാര്‍ജര്‍ കണക്ടു ചെയ്തു നോക്കാം. വയര്‍ലെസ് ചാര്‍ജര്‍ സ്വന്തമായി ചൂടുണ്ടാക്കുമല്ലോ.

ചാര്‍ജിങ് നടക്കുന്ന സമയത്ത് അത് ഉപയോഗിക്കാതിരിക്കുന്നതും (ഗെയിമിങ്, ബ്രൗസിങ്, വാട്‌സാപ് നോട്ടം) ഗുണം ചെയ്‌തേക്കാം. ചില ഫോണുകളില്‍ ബൈപാസ് ചാര്‍ജിങ് എന്ന് ഒരു ഓപ്ഷന്‍ ഉണ്ട്. ഇത് ബാറ്ററി ഓഴിവാക്കി നേരിട്ട് പ്രൊസസറിന് വൈദ്യുതി നല്‍കുന്നു. ഇത് ഉപയോഗിച്ചാലും ഗെയിം കളിക്കുകയാണെങ്കില്‍ മിക്ക ഫോണുകളും ചൂടാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അന്തരീക്ഷ താപം മാത്രമാണോ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ചൂടാകാന്‍ കാരണം?

ഏതാനും വര്‍ഷം പഴയ ഫോണാണെങ്കില്‍ അതിന്റെ ബാറ്ററിയുടെ ഭാഗങ്ങളും നശിച്ചു തുടങ്ങിയിട്ടുണ്ടാകാം. മോശം ബാറ്ററിയും അന്തരീക്ഷതാപവും കൂടി ചേരുമ്പോള്‍ ഫോണുകള്‍ക്ക് അധിക പ്രശ്‌നങ്ങള്‍ വരാം. ഫോണിന്റെ ബാക് പാനല്‍ അല്‍പമെങ്കിലും പുറത്തേക്ക് തള്ളിവന്നിട്ടുണ്ടെങ്കില്‍ അത് ബാറ്ററി കേടായി തുടങ്ങിയതു മൂലമായിരിക്കാം.