ആയോധനകലകൾക്ക് പേര് കേട്ട ഇടമാണ് ചൈനയിലെ ഷാവലിൻ ടെമ്പിൾ . എന്നാൽ അതിനുപരിയാണ് ചൈനയിൽ ഷാവലിൻ ക്ഷേത്രത്തിന്റെ സ്ഥാനം.സെൻ ബുദ്ധമതത്തിന്റെ ജന്മ സ്ഥലം കൂടിയാണവിടം. ചൈനയിലെ ബുദ്ധമതത്തിന്റെ വിശുദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണ് ഷാവോലിൻ. എഡി 497-ൽ വടക്കൻ വെയ് രാജവംശം തായ്‌ഹെ യുഗത്തിന്റെ 20-ാം വർഷത്തിലാണ് ഷാവോലിൻ ക്ഷേത്രം നിർമ്മിച്ചത്.ചൈനയിലെ പുണ്യസ്ഥലമായി കണക്കാക്കപ്പെട്ടിരുന്ന ഷാവോ ഷി പർവതത്തിലെ വനത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് എന്നതിനാലാണ് ഈ ക്ഷേത്രത്തിന് ഷാവോലിൻ എന്ന പേര് ലഭിച്ചത് .ഈ പേരിനർത്ഥം “യുവ വനം എന്നാണ്. ”
ഹാൻ മിങ് ചക്രവർത്തിയുടെ കാലത്താണ് ഇന്ത്യയില്‍ നിന്നും ബുദ്ധമതം ചൈനയിലെത്തി തുടങ്ങിയതെന്നാണ് പറയപ്പെടുന്നത് . 500AD ആയപ്പോഴേക്കും എതാണ്ട് പതിനായിരത്തോളം ബുദ്ധമതക്ഷേത്രങ്ങൾ ചൈനയിലുയർന്നു കഴിഞ്ഞിരുന്നു .നിരവധി ചൈനീസ് ബുദ്ധമത സന്യാസിമാർ ഇന്ത്യയിലെത്തി ഉപരിപഠനം നടത്തി മടങ്ങി .ചില ഇന്ത്യന്‍ ബുദ്ധ സന്യാസിമാർ ക്ഷണിക്കപ്പെട്ടവരായി ചൈനയിലെത്തി മത പ്രബോധനം നടത്തി അവിടെ കൂടി .അങ്ങനെ ഇന്ത്യയില്‍ നിന്നും ചൈനയിലെത്തിയ ബറ്റൊ(Batuo) എന്ന സന്യാസി AD 464 ൽ ഡെങ്ഫെങ് പ്രവിശ്യയിൽ ആശ്രമം സ്ഥാപിച്ചു ബുദ്ധമതദർശനം പ്രചരിപ്പിച്ചു .AD 495 ൽ വി സിയോ വെൻ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം ഷാവോലിൻ ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടു .ബറ്റൊ ആയിരുന്നു അവിടുത്തെ ആചാര്യൻ .
ഇതിനിടെയാണ് ബോധിധർമൻ എന്ന ഇന്ത്യൻ സന്യാസി, ഹിമാലയത്തിലൂടെയുള്ളയുള്ള തന്റെ യാത്രയ്ക്കിടെ, ഷാവോലിൻ ക്ഷേത്രത്തെക്കുറിച്ച് അറിയുകയും അഭയം തേടുകയും ചെയ്തത് . എന്നാൽ അവിടെ തലവനായിരുന്ന അബോട്ട് ഫാങ് ചാങ് ബോധിധർമ്മനെ ഉപേക്ഷിച്ചു. അദ്ദേഹം അടുത്തുള്ള ഒരു ഗുഹയിൽ അഭയം പ്രാപിക്കുകയും വർഷങ്ങളോളം ധ്യാനിക്കുകയും ചെയ്തു. ബോധിധർമ്മൻ തന്റെ നോട്ടം കൊണ്ട് ഗുഹയുടെ ഒരു വശത്ത് ഒരു ദ്വാരം ഉണ്ടാക്കിയെന്നാണ് ഐതിഹ്യം. ബോധിധർമ്മന്റെ ആത്മീയ വൈദഗ്ധ്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ, ആശ്രമാധിപനായ ഫാങ് ചാങ് തന്നെ അദ്ദേഹത്തെ ക്ഷേത്രത്തിൽ ചേരാൻ നേരിട്ടെത്തി ക്ഷണിച്ചു. ഷാവോലിൻ ക്ഷേത്രത്തിലെ ക്ഷീണിതരും രോഗാതുരരുമായ സന്യാസിമാരെ കണ്ട ബോധിധർമ്മൻ ദുഃഖിതനായി .പരിഹാരത്തിനായി ദീർഘമായ എകാന്തധ്യാനത്തിലും മനനത്തിലും ഏർപ്പെട്ടു .നീണ്ട ഒൻപതു വർഷം അദ്ദേഹം എകാന്തവാസം അനുഷ്ഠിച്ചു അക്കാലത്ത് രണ്ടു ക്ളാസ്സിക് പുസ്തകങ്ങളെഴുതി .
സന്യാസിമാർ മാനസികവും ശാരീരികവുമായി ആരോഗ്യം വീണ്ടെടുക്കുന്നതിനു ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ പുസ്തകങ്ങൾ വിവരിച്ചിരുന്നത് . . ഇന്ത്യൻ യോഗയും, വ്യായാമങ്ങളും ചേർന്ന ഒരു പ്രത്യേക രീതി ബോധിധർമ്മൻ അവരെ പഠിപ്പിച്ചു. ദൈനംദിന പരിശീലനത്തിലൂടെ, ശിഷ്യന്മാരുടെ ആരോഗ്യം ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായാണ് ഈ വ്യായാമങ്ങൾ രൂപകൽപ്പന ചെയ്തത് . അദ്ദേഹത്തിന്റെ അധ്യാപനം കൂടുതൽ വികസിക്കുകയും ഷാവോലിൻ കുങ് ഫു എന്ന് അറിയപ്പെടുകയും ചെയ്തു . താമസിയാതെ ഇതൊരു ആയോധന കലാ രീതിയായി .
AD 536 ൽ ബോധിധർമ്മൻ അന്തരിച്ചു .ചൈനയിൽ ആയോധന കലകൾ പരിചയപ്പെടുത്തിയതിന്റെ ബഹുമതി ബോധിധർമ്മന് ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹം എത്തുന്നതിന് വളരെ മുമ്പുതന്നെ മറ്റ് പല തരത്തിലുള്ള പോരാട്ട വൈദഗ്ധ്യങ്ങളും അവിടെ നിലനിന്നിരുന്നു. കാലക്രമേണ, ബുദ്ധമത പഠിപ്പിക്കലിന് പ്രാധാന്യം കുറഞ്ഞു, പകരം ക്ഷേത്രത്തിന് നേരെയുള്ള നിരന്തരമായ ആക്രമണം കാരണം ഷാവോലിൻ കുങ് ഫു മുൻഗണന നൽകി. പിന്നീടങ്ങോട്ടു ആയോധന കലയുടെ തമ്പുരാക്കന്മാരായി ഷാവോലിനിലെ സന്യാസിമാർ മാറി.രാജാക്കന്മാർ പോലും ശത്രുക്കളിൽ നിന്നു രക്ഷക്കായി ഷാവോലിനിലെ സന്യാസിമാരുടെ സഹായം തേടിയെത്തി .ഷാവോലിനിലെ സന്യാസിമാരുടെ സഹായത്തോടെ അധികാരത്തില്‍ എത്തിയ റ്റാങ് രാജവംശത്തിലെ ആദ്യ രാജാവായിരുന്ന ലി ഷി മിങ് ഉപകാര സ്മരണയായി 600 എക്കർ ഭൂമി ഷാവോലിനു ദാനം ചെയ്തു .സെൻ ബിങ് എന്നറിയപ്പെട്ട കായികാഭ്യാസികളായ സന്യാസിമാർ ഷാവോലിന്റെ സ്വത്തുകളുടെ കാവൽക്കാരായി.
യുവാൻ രാജവംശത്തിന്റെ കാലത്ത് ഷാവോലിൻ ക്ഷേത്രത്തിന്റെ തലവൻ സന്യാസിമാരുടെ ആയോധനകലയുടെ കഴിവുകൾ ചില വശങ്ങളിൽ കുറവാണെന്ന് തിരിച്ചറിഞ്ഞു. ബോക്സിംഗ് സിദ്ധാന്തവും അവരുടെ കഴിവുകളും പങ്കിടാൻ ചൈനയ്ക്ക് ചുറ്റുമുള്ള ഒരു കൂട്ടം ബാഹ്യ ആയോധനകല വിദഗ്ധരെ അദ്ദേഹം ഷാവോലിനിലേയ്ക്ക് ക്ഷണിച്ചു. ഷാവോലിനിലെ ആയോധന കലയിലെ മികവുറ്റവർ ചൈനയിലങ്ങോളമിങ്ങോളം സഞ്ചരിച്ച് പുതിയ അഭ്യാസങ്ങൾ പരിശീലിച്ചു .ബെ യു ഫെങ് എന്ന സന്യാസി അടവുകൾ പതിനെട്ടിൽ നിന്ന് 173 ആയി വർദ്ധിപ്പിച്ചു .AD 1312 ൽ ജപ്പാനിൽ നിന്ന് ഷാവോലിനിലെത്തി അഭ്യാസമുറകൾ പരിശീലിച്ച ദാ ചി എന്ന സന്യാസി Gong fu എന്ന പേരില്‍ ഇതു ജപ്പാനിൽ പരിചയപ്പെടുത്തി .