കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാനില്ലെന്ന് പോലീസ്, വൻ ദുരൂഹത

ക്യാമറകള്‍ പരിശോധിക്കാന്‍ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്

മേയര്‍ ആര്യ രാജേന്ദ്രബസിലെനും സച്ചിന്‍ ദേവ് എംഎൽഎയും തിരുവനന്തപുരത്തെ കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ്. കെഎസ്ആർടിസി ബസിനുളളിലെ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്.

റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ നൽകിയ വിശദീകരണം. മേയര്‍ ആര്യാ രാജേന്ദ്രനുനേരെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു.

ക്യാമറകള്‍ പരിശോധിക്കാന്‍ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചു. എന്നാല്‍, ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോ എന്നും ആരെങ്കിലും മാറ്റിയതാണോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.