ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം ‘കൂലി’ സിനിമയ്ക്കെതിരെ പരാതിയുമായി സംഗീത സംവിധായകൻ ഇളയരാജ. കൂലിയിലെ ടീസറിന് ഉപയോഗിച്ചിരിക്കുന്ന തന്റെ പാട്ടിന് പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾക്ക് ഇളയരാജ നോട്ടീസ് അയച്ചത്. കംപോസറായ തന്റെ അനുവാദം ഇല്ലാതെ പാട്ട് ടീസറിൽ ഉപയോഗിച്ചു എന്നതാണ് പരാതി.
ഏപ്രിൽ 22-നാണ് ചിത്രത്തിന്റെ ടൈറ്റിൽ റിവീൽ ടീസർ പുറത്തുവിട്ടത്. വലിയ സ്വീകാര്യത നേടിയ ടീസർ യൂട്യൂബിൽ മാത്രം കണ്ടിരിക്കുന്നത് ഒന്നര കോടി പ്രേക്ഷകരാണ്. ടീസറിലെ രജനികാന്തിന്റെ മാസിനെ ഹൈപ്പിലെത്തിക്കാൻ അനിരുദ്ധിന്റെ ബിജിഎം സ്കോറിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ആ സ്കോർ ‘തങ്കമകൻ’ എന്ന സിനിമയ്ക്ക് വേണ്ടി ”വാ വാ പക്കം വാ” എന്ന ഇളയരാജ ഒരുക്കിയ പാട്ട് പുനസൃഷ്ടിച്ചതാണ്. പാട്ടിലെ ”ഡിസ്കോ ഡിസ്കോ” എന്ന ഭാഗമാണ് കൂലി ടൈറ്റിൽ ടീസറിൽ ഉപയോഗിച്ചിരിക്കുന്നത്.
1957-ലെ പകർപ്പവകാശ നിയമപ്രകാരമാണ് ഇളയരാജ പരാതി നൽകിയിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജ് മുൻപുള്ള സിനിമകളിലും പഴയ പാട്ടുകൾ അനുവാദം കൂടാതെ ഉപയോഗിക്കുന്നു എന്ന് പരാതിയിൽ ആരോപിക്കുന്നു. നേരത്തെ ‘വിക്രം’ ചിത്രത്തിലെ ”വിക്രം.. വിക്രം” എന്ന ഗാനത്തിന് ലോകേഷ് കനകരാജ് സംഗീത സംവിധായകനിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. അതുപോലെ സംവിധായകന്റെ തന്നെ നിർമ്മാണ സംരംഭമായ ഫൈറ്റ് ക്ലബ്ബിലെ “എൻ ജോഡി മഞ്ച കുരുവി” എന്ന ഗാനത്തിൻ്റെ സംഗീതവും അനുമതിയില്ലാതെ പുനർനിർമ്മിച്ചതായി ആക്ഷേപമുണ്ട്.
കൂലി ടൈറ്റിൽ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘വാ വാ പക്കം വാ’ എന്ന ഗാനം ഉപയോഗിക്കുന്നതിന് ഉചിതമായ രീതിയിൽ അനുമതി നേടണമെന്നും അല്ലെങ്കിൽ ടീസറിൽ നിന്ന് സംഗീതം നീക്കം ചെയ്യണമെന്നും ഇളയരാജ ‘കൂലി’ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കാൻ തങ്ങൾക്ക് എല്ലാ അവകാശവും ഉണ്ടെന്ന് ഇളയരാജ നൽകിയ നോട്ടീസിൽ സൂചിപ്പിക്കുന്നു.