തിരുവനന്തപുരം : മേയർ കെഎസ്ആർടിസി ഡ്രൈവർ വാക്പോരിൽ നിർണായക തെളിവായ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിന് പിന്നിൽ പാർട്ടിക്കാരെന്ന് ഡ്രൈവർ യദു. ഇതെല്ലാം നേരത്തെ താൻ പ്രതീക്ഷിച്ചതാണ്. തെറ്റ് ചെയ്‌തെന്ന് ബോധമുള്ളവർ മെമ്മറി കാർഡുകൾ ബോധപൂർവ്വം മാറ്റിയതാണെന്നും യദു പ്രതികരിച്ചു. താൻ ബസ് ഓടിച്ചിരുന്ന സമയത്ത് മൂന്ന് ക്യാമറകളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. സ്‌റ്റേഷനിൽ നിന്ന് താൻ ഇറങ്ങിയതിന് ശേഷം ബസിന് അടുത്തേക്ക് ചെന്നപ്പോഴും സിസിടിവി പ്രവർത്തിക്കുന്നുണ്ട്.
സംഭവത്തിന് ശേഷം മൂന്ന്- നാല് ദിവസം ബസ് ഡിപ്പോയിൽ ഉണ്ടായിരുന്നു. അന്ന് ബസ് പരിശോധിച്ചിരുന്നെങ്കിൽ മെമ്മറി കാർഡുകൾ ലഭിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവർ യദുവിന്റെ പരാതിയിൽ പരിശോധനയ്‌ക്ക് എത്തിപ്പോഴായിരുന്നു മെമ്മറി കാർഡ് കാണാനില്ലെന്ന കാര്യം പൊലീസ് അറിയിച്ചത്. മെമ്മറി കാർഡ് മാറ്റിയെന്ന സംശയം അന്വേഷിക്കുമെന്നും പൊലീസ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കെഎസ്ആർടിസി വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല. അധികാര ദുർവിനിയോഗത്തിലൂടെ കേസ് അട്ടിമറിക്കാനാണ് മേയർ ശ്രമിക്കുന്നതെന്ന ആക്ഷേപവും ശക്തമാകുകയാണ്.
മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. ക്യാമറകള്‍ പരിശോധിക്കാന്‍ ആദ്യം വിമുഖത കാണിച്ചിരുന്ന പോലീസ് ഇന്ന് രാവിലെയാണ് ബസ് പരിശോധിക്കാനെത്തിയത്. പരിശോധനയില്‍ ക്യാമറയുടെ ഡിവിആര്‍ ലഭിച്ചു. എന്നാല്‍, ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നില്ല. മെമ്മറി കാർഡ് നേരത്തെ ഉണ്ടായിരുന്നോ എന്നും ആരെങ്കിലും മാറ്റിയതാണോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു