നിവിൻ പോളിയുടെ വൺ മാൻ ഷോ. കാലിക പ്രസക്തിയുള്ള സംഭവങ്ങൾ കോർത്തിണക്കിയുള്ള രണ്ട് ഹിറ്റ് ചിത്രങ്ങൾ. ക്യൂൻ, ജന ഗണ മന എന്നീ ചിത്രങ്ങൾ മാത്രം മതി ഡിജോ ജോസ് ആന്റണിയെന്ന സംവിധായകനേയും ഷാരിസ് മുഹമ്മദ് എന്ന തിരക്കഥാകൃത്തിനേയും അടയാളപ്പെടുത്താൻ. ഈ കൂട്ടുകെട്ട് മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലൂടെ മൂന്നാംതവണയും ഒന്നിക്കുമ്പോൾ കഥാപശ്ചാത്തലവും കഥാപാത്രങ്ങളും മാത്രമേ മാറുന്നുള്ളൂ. വിശാലമായ അർത്ഥത്തിൽ.ഇപ്രാവശ്യവും തീ പിടിക്കുന്ന രാഷ്ട്രീയം തന്നെയാണ് ഇരുവരും ചേർന്ന് പറയുന്നത്.
ഒരു കേരളഗ്രാമത്തിൽനിന്ന് തുടങ്ങി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും എന്തിനേറെ ആശയങ്ങളുടെ അതിർത്തിവരെ മറികടക്കുന്ന രീതിയിലാണ് മലയാളി ഫ്രം ഇന്ത്യ അണിയിച്ചൊരുക്കിയിരിക്കുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകനായ ആൽപ്പറമ്പിൽ ഗോപിയാണ് ചിത്രത്തിന്റെ നെടുംതൂൺ. എപ്പോഴും അബദ്ധത്തിൽ ചെന്നെത്തിക്കുന്ന സുഹൃത്ത് മൽഗോഷ്, അമ്മ, സഹോദരി, ബന്ധുക്കൾ, നാട്ടുകാർ എന്നിങ്ങനെ വലിയൊരു വിഭാഗംതന്നെയുണ്ട് ഗോപിയെ ചുറ്റിപ്പറ്റി. സ്വന്തം നാട്ടിൽ നടക്കുന്ന അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങൾ ഗോപിയുടെ ജീവിതത്തെ ബാധിക്കുന്നതും അതിനെ മറികടക്കാൻ അദ്ദേഹം ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കാതൽ. ഇതിനിടയിൽ പലരുടേയും ജീവിതം മാറിമറിയാനും ഗോപി കാരണമാവുന്നുണ്ട്.
ചിത്രത്തിന്റെ പ്രമേയത്തെ രാഷ്ട്രീയമെന്നും മനുഷ്യസ്നേഹമെന്നും രണ്ടുഭാഗങ്ങളാക്കി തിരിക്കാം. തങ്ങളുടെ മുൻചിത്രങ്ങളിലുള്ളതിനേക്കാൾ ഒരുപടി മുകളിൽക്കടന്നാണ് മലയാളി ഫ്രം ഇന്ത്യയിൽ ഡിജോയും ഷാരിസും രാഷ്ട്രീയം സംസാരിക്കുന്നത്. നാട്ടിൽ നടക്കുന്ന ഒരു സംഭവത്തെ രാഷ്ട്രീയപ്പാർട്ടികൾ എങ്ങനെ മുതലെടുക്കുന്നുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ എന്തെല്ലാമായിരിക്കുമെന്നും ലളിതമായ ഉദാഹരണങ്ങളിലൂടെ ചിത്രം കാട്ടിത്തരുന്നുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരായവരായിരിക്കും അതിന്റെ ദുരിതമനുഭവിക്കുക. നെയ്യിനും തേനിനും അതിന്റേതായ ഗുണങ്ങളുണ്ട്. എന്നാൽ ഇത് രണ്ടും ഒരുമിച്ച് ചേർന്നാൽ വിഷത്തിന്റെ ഫലംചെയ്യുമെന്നാണ് മതവും രാഷ്ട്രീയവും കൂടിക്കലർന്നാലുണ്ടാവുന്നതിന്റെ ഭവിഷ്യത്തെന്ന് ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.
ആൽപ്പറമ്പിൽ ഗോപി എന്ന നായകവേഷം നിവിൻ പോളിയുടെ കയ്യിൽ ഭദ്രമായിരുന്നു. ഏത് മരുഭൂമിയിൽപ്പോയാലും തിരിച്ചുകയറിവരാൻ സാധിക്കുന്നവനാണ് മലയാളി എന്ന് നിശ്ശബദം വിളിച്ചുപറയുന്നുണ്ട് ഗോപി എന്ന ചെറുപ്പക്കാരന്റെ ജീവിതം. ഗോപിയുടെ അലസജീവിതവും ജീവിതപോരാട്ടങ്ങളും സരസമായി അവതരിപ്പിക്കുന്നതിൽ നിവിൻ വിജയിച്ചിട്ടുണ്ട്. സുഹൃത്തായ മൽഗോഷായി ധ്യാൻ ശ്രീനിവാസനും മികച്ചുനിന്നു. ഗോപിയും മൽഗോഷും ഒരുമിച്ചുള്ള രംഗങ്ങൾ പൊട്ടിച്ചിരിയുണ്ടാക്കുന്നുണ്ട്. അതിൽ പലതും കുറിക്കുകൊള്ളുന്ന രാഷ്ട്രീയ വിമർശനങ്ങൾതന്നെയാണ്. ദീപക് ജെത്തിയുടെ സാഹിബ് എന്ന കഥാപാത്രം ഒരു നൊമ്പരമായി അവശേഷിക്കും. ആ വലിയ ശരീരത്തിനുള്ളിൽ അലയടിക്കുന്നത് ഒരു കടൽ തന്നെയായിരുന്നു.
വിജയകുമാർ, നന്ദു, സലിം കുമാർ, അനശ്വര രാജൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ കഥാപാത്രങ്ങളും നന്നായിരുന്നു. ക്വീനിൽ സ്ത്രീ സ്വാതന്ത്ര്യവും ജന ഗണ മനയിൽ വ്യാജ ഏറ്റുമുട്ടലുമായിരുന്നു പ്രമേയമെങ്കിൽ മലയാളി ഫ്രം ഇന്ത്യയിലെത്തുമ്പോൾ അത് പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ മറ്റൊരു താൾ ആയി മാറുന്നുണ്ട്. ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നത്, ഇവിടെ ചെകുത്താന്മാർ ഇല്ലാത്തകൊണ്ടല്ല, ചെകുത്താന്മാരെ നിലക്ക് നിർത്താൻ അറിയുന്ന ആൾക്കാർ ഇവിടുള്ളത് കൊണ്ടാണെന്ന് ഉറപ്പിച്ചുപറയുന്നുണ്ട് ഡിജോയും കൂട്ടരും. രാഷ്ട്രീയ, സാമൂഹ്യ ബോധത്തോടെ ആസ്വദിക്കാം മലയാളി ഫ്രം ഇന്ത്യ.