ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് മേഖലയില്‍ കമ്പനിയുടെ ശക്തി വര്‍ധിപ്പിക്കാനുള്ള നീക്കവുമായി ആപ്പിള്‍. കമ്പനിയില്‍ പുതിയ എഐ, മെഷീന്‍ ലേണിങ് വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനായി ഗൂഗിളില്‍ നിന്നുള്ള വിദഗ്ദ്ധരെ ആപ്പിള്‍ റിക്രൂട്ട് ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
2018 ല്‍ എഐ മേധാവിയായി ജോണ്‍ ജ്യാനന്ദ്രേയയെ നിയമിച്ചതിന് ശേഷം ഗൂഗിളില്‍ നിന്ന് 36 പേരെങ്കിലും ആപ്പിളിലെത്തിയിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാലിഫോര്‍ണിയയിലും സിയാറ്റിലിലുമാണ് ആപ്പിളിന്റെ ഐഐ ടീമിലെ ഭൂരിഭാഗം പേരും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആപ്പിളിന്റെ വിഷന്‍ ലാബ് പ്രവര്‍ത്തിക്കുന്ന സ്വിറ്റ്‌സര്‍ ലണ്ടിലെ സൂറിക്കിലും എഐ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വിറ്റ്‌സര്‍ലണ്ടിലെ രണ്ട് എഐ സ്റ്റാര്‍ട്ട്അപ്പുകളെ ആപ്പിള്‍ ഏറ്റെടുത്തിരുന്നു.
സൂറിക്കില്‍ എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിനുള്ള ജോലികള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ തങ്ങളുടെ എഐ പദ്ധതികളുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെയും പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
മൈക്രോസോഫ്റ്റും ഗൂഗിളും ആമസോണുമെല്ലാം എഐ രംഗത്ത് കോടികള്‍ നിക്ഷേപം നടത്തുന്നതിനിടെ ആപ്പിള്‍ നിശബ്ദത പാലിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ ഓഹരിയില്‍ ഇടിവുണ്ടാവുകയും കമ്പനിക്ക് മേല്‍ സമ്മര്‍ദ്ദമേറുകയും ചെയ്യുന്നു. എന്നാല്‍ വരാനിരിക്കുന്ന ഐഫോണില്‍ എഐ ഫീച്ചറുകള്‍ ഉണ്ടാവുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ജൂണില്‍ നടക്കുന്ന കമ്പനിയുടെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ കമ്പനിയുടെ എഐയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എഐ രംഗത്ത് ആപ്പിളിന്റെ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല.
എന്നാല്‍ ആപ്പിള്‍ വികസിപ്പിച്ച ചില എഐ മോഡലുകള്‍ ഓപ്പണ്‍ സോഴ്‌സ് ആയി ലഭ്യമാക്കിയിട്ടുണ്ട്. നിരവധി എഐ സ്റ്റാര്‍ട്ടപ്പുകളെ കമ്പനി ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കണം.